വൈത്തിരി: വ്യാജ ബില്ലുപയോഗിച്ചു മത്സ്യത്തീറ്റ സബ്സിഡി തട്ടിയെടുത്തെന്ന പരാതിയിൽ ഫിഷറീസ് വകുപ്പ് അന്വേഷണം പുരോഗമിക്കുന്നു. കോടിക്കണക്കിനു രൂപയുടെ വെട്ടിപ്പ് നടത്തിയതുമായി ബന്ധപെട്ടു തളിപ്പുഴ ഫിഷറീസ് ഓഫിസിൽ ബുധനാഴ്ച പരിശോധന നടന്നു. ഫിഷറീസ് വകുപ്പ് ജോ. ഡയറക്ടർ ആർ. അമ്പിളിയുടെ നേതൃത്വത്തിലാണ് ഓഫിസിലെ രേഖകൾ പരിശോധിച്ചത്. കൂടുതൽ വിവരങ്ങൾ അവർ വെളിപ്പെടുത്തിയില്ല.
വയനാട് ജില്ല ഫിഷറീസ് വകുപ്പിൽ വൻ തുകയുടെ സബ്സിഡി വെട്ടിപ്പ് നടന്നതായും മത്സ്യത്തീറ്റ സബ്സിഡിയിൽ തട്ടിപ്പു നടത്താൻ ചില ഉദ്യോഗസ്ഥർ കൂട്ടുനിന്നതായുമുള്ള വിവരങ്ങൾ പുറത്തു വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഫിഷറീസ് വകുപ്പിൽ നിന്ന് മത്സ്യവിത്തുകൾ വാങ്ങിയ കർഷകർക്ക് സബ്സിഡിയായി അനുവദിക്കുന്ന തുക തട്ടിയെടുക്കാൻ വ്യാജ ബില്ലുകൾ സംഘടിപ്പിച്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പലരും ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു യൂനിറ്റ് ഇൻസ്പെക്ടറുടെ റിപ്പോർട്ട്.
തീറ്റ കൃത്യമായി വാങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ട പ്രമോട്ടർമാരും കോഓഡിനേറ്റർമാരുമടക്കമുള്ളവർ പരിശോധിക്കാതിരിക്കുകയോ ബോധപൂർവം തട്ടിപ്പിന് കൂട്ടുനിൽക്കുകയോ ചെയ്തു എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതോടെ വയനാട്ടിലെ അസി. ഡയറക്ടറോട് ജോയന്റ് ഡയറക്ടർ റിപ്പോർട്ട് തേടിയിരുന്നു. സബ്സിഡിയിനത്തിൽ ജില്ലയിലെത്തിയ ഒരു കോടി രൂപ 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്തിരുന്നു. സംഭവത്തിൽ വിജിലൻസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.