വൈത്തിരി: താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിലെ മാലിന്യ ടാങ്കിൽനിന്നുള്ള മലിന ജലം റോഡിലൂടെ ഒഴുകുന്നത് താമസക്കാർക്ക് ദുരിതമാകുന്നു. ആശുപത്രിയുടെ താഴ്ഭാഗത്തുള്ള സ്വകാര്യ ഹോംസ്റ്റേകളുടെ പ്രവർത്തനത്തെയും ഇത് കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആശുപത്രി മോർച്ചറിയുടെ ഭാഗത്ത് നിരവധി മാലിന്യ ടാങ്കുകളുണ്ട്. ഇതിൽ നിന്നാണ് മലിനജലം തൊട്ടടുത്തുള്ള മതിലിനടിയിലൂടെ പുറത്തേക്കൊഴുകുന്നത്. ദുർഗന്ധം വമിക്കുന്നതിനാൽ റോഡിലൂടെയുള്ള സഞ്ചാരവും അസാധ്യമായിരിക്കുകയാണ്. റോഡിലേക്ക് മലിനജലം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി.
താമസക്കാരും ഹോംസ്റ്റേ നടത്തിപ്പുകാരും ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. മലിന ജലം ഒഴുകുന്നത് നിരവധി ടാങ്കുകളുള്ള സ്ഥലത്തുനിന്നാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് മാധ്യമത്തോട് പറഞ്ഞു.
പ്രശ്നം ഉടനടി ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. ആശുപത്രിയുടെ മരാമത്ത് പണികൾ ചെയ്യേണ്ടത് ബ്ലോക്ക് പഞ്ചായത്താണ്. മലിനജല പ്രശ്നം പരിഹരിക്കുന്നതിന് താൽക്കാലിക ഫണ്ട് പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മാധ്യമത്തോട് പറഞ്ഞു.
56 ലക്ഷം രൂപയുടെ സീവേജ് പ്ലാനിനു സംസ്ഥാന ശുചിത്വ മിഷൻ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. നിരവധി മാലിന്യ ടാങ്കുകളാണ് ആശുപത്രി വളപ്പിലുള്ളത്.
ഇതിന്റെ ചുറ്റുമതിലിനടിയിലൂടെയാണി മലിനജലം പുറത്തേക്കൊഴുകുന്നത്. വർഷങ്ങൾ പഴക്കമുള്ള മതിലിൽ നിർമാണ പ്രവൃത്തി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നാലു മാസത്തോളമായി മലിന ജലം പുറത്തേക്കൊഴുകാൻ തുടങ്ങിയിട്ട്. ഏതാനും ദിവസങ്ങളായി റോഡിലൂടെ ഒഴുകുന്ന ജലത്തിന്റെ തോതും കൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.