വൈത്തിരി: മാസങ്ങളായി അടച്ചിട്ടിരുന്ന പൂക്കോട് തടാകം ഉപാധികളോടെ വ്യാഴാഴ്ച സന്ദർശകർക്കായി തുറക്കുന്നു. ഏപ്രിൽ അവസാനത്തോടെയാണ് കോവിഡ് വ്യാപനം മുൻനിർത്തിയുള്ള ലോക്ഡൗണിനെ തുടർന്ന് തടാകം അടച്ചിട്ടത്. ടെൻഡർ പൂർത്തീകരിച്ച തടാകത്തിലെ അറ്റകുറ്റപ്പണികളും ചളിയും പായൽ വാരലും ഈ കാലയളവിൽ തുടങ്ങിയിരുന്നു. കോടിക്കണക്കിന് രൂപയുടെ വിപുലമായ പ്രവൃത്തികളാണ് തടാകത്തിൽ നടക്കുന്നത്. ഇതിൽ ചളിയും പായലും വാരൽ പ്രവൃത്തി കഴിഞ്ഞു. തടാകത്തിന് ചുറ്റുമുള്ള റോഡ് പണി, സുരക്ഷാഭിത്തി തുടങ്ങി ഏതാനും പ്രവൃത്തികൾ ഇനിയും പൂർത്തീകരിക്കാനുണ്ട്. ഇതുമൂലം സന്ദർശകർക്ക് പല സ്ഥലങ്ങളിലും നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ട്. തടാകത്തിന് ചുറ്റുമുള്ള നടത്തവും സൈക്ളിങ്ങും ഇപ്പോൾ ഉണ്ടാവില്ല. ചളി വാരിയതുമൂലം വീതികൂടിയ സ്ഥലങ്ങളിൽ സുരക്ഷാഭിത്തി നിർമാണവും പൂർത്തീകരിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ വടംകെട്ടി സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തും.
വാക്സിൻ എടുത്തവർക്കാണ് പ്രവേശനം. കുട്ടികൾക്ക് ആവശ്യമില്ലെങ്കിലും വാക്സിൻ എടുത്തതിെൻറ രേഖ കൂടെയുള്ളവർക്ക് നിർബന്ധമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലെ മുഴുവൻ ജീവനക്കാരും വാക്സിൻ എടുത്ത്, കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പൂർത്തീകരിച്ചതായി ഡി.ടി.പി.സി സെക്രട്ടറി വി. മുഹമ്മദ് സലീം പറഞ്ഞു. സുരക്ഷാസജ്ജീകരണങ്ങളും ഏകദേശം പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി. അടച്ചിട്ട തടാകത്തിനുപുറത്ത് കഴിഞ്ഞദിവസങ്ങളിൽ നിരവധി സഞ്ചാരികളാണെത്തിയത്. തടാകം തുറക്കുന്നതോടെ സഞ്ചാരികളുടെ വരവ് വർധിക്കുമെന്നാണ് കരുതുന്നതെന്ന് പൂക്കോട് തടാകം മാനേജർ രതീഷ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.