വൈത്തിരി: പഞ്ചായത്തിന് കീഴിൽ പലയിടങ്ങളായി കൂണുപോലെ മുളച്ചുപൊന്തി സ്പാ കേന്ദ്രങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് സ്പാ കേന്ദ്രങ്ങൾ ഇത്ര വർധിച്ചത്. മിക്കവാറും കേന്ദ്രങ്ങൾക്ക് പഞ്ചായത്തിൽനിന്ന് ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും പല കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നാണ് ആരോപണം. വ്യാജ ലേബലിൽ സർട്ടിഫിക്കറ്റുകളുള്ള സ്ഥാപനത്തിൽ മസാജും മറ്റും നടത്തുന്നത് യുവതികളാണ്.
ഇത്തരം സ്പാ കേന്ദ്രങ്ങൾ പലതും മയക്കുമരുന്നിന്റെയും അനാശ്യാസത്തിന്റെയും കേന്ദ്രങ്ങളായി മാറുകയാണെന്ന് ആരോപണമുണ്ട്.
വികസനത്തിന്റെ പേരിൽ ലൈസൻസ് ലഭ്യമാക്കിയെടുക്കുന്ന സ്പാ കേന്ദ്രങ്ങൾ നഗര പ്രാന്തങ്ങളിലും ഉൾപ്രദേശങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
പലതും റിസോർട്ടുകളോട് ചേർന്ന സ്ഥലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. രാത്രികാലങ്ങളിലും ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം ജനങ്ങളുടെ സ്വൈര ജീവിതത്തെ ബാധിക്കുന്നുണ്ട്. വൈത്തിരിയിലെ നേരത്തേയുള്ള പല മസാജ് കേന്ദ്രങ്ങളും നല്ല രീതിയിലാണ് പ്രവർത്തിച്ചുവരുന്നത്.
ഇവരെകൂടി സംശയമുനയിൽ നിറുത്തുന്ന രീതിയിലാണ് മറ്റു ചില സ്പാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന സ്പാ സെന്ററുകൾക്കെതിരെ നടപടിയെടുക്കുമെന്ന് വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വൈത്തിരി: ഗ്രാമ പഞ്ചായത്തിന് കീഴിൽ വർധിച്ചുവരുന്ന സ്പാ സെന്ററുകൾക്കെതിരെ പരാതിയുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി. ഇത്തരം സെന്ററുകൾക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് വൈത്തിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് അധികൃതർക്കും വൈത്തിരി പൊലീസിനും നിവേദനം നൽകി. വ്യാജ സർട്ടിഫിക്കറ്റുകളുപയോഗിച്ച് നടത്തുന്ന പല സ്പാ സെന്ററുകളും പെൺ വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രങ്ങളായി മാറുകയാണ്. പഞ്ചായത്തിനുകീഴിൽ നിരവധി സ്ഥാപനങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ജനങ്ങളുടെ സ്വൈര ജീവിതത്തിനു ഭംഗം നേരിടുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.