വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻ എട്ടുമാസം പീഡിപ്പിക്കപ്പെട്ടത് അറിയാതെ ആന്റി റാഗിങ് കമ്മിറ്റി. കഴിഞ്ഞ മാസം ദുരൂഹ സാഹചര്യത്തിൽ ഹോസ്റ്റൽ മുറിയിൽ മരണപ്പെട്ട സിദ്ധാർഥൻ കഴിഞ്ഞ എട്ടു മാസമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി ആന്റി റാഗിങ് സ്ക്വാഡ് കഴിഞ്ഞ ദിവസം സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സിദ്ധാർഥന്റെ മരണശേഷമാണ് സർവകലാശാലയിലെ വിവിധ വകുപ്പ് മേധാവികളായ 12 പേരെ ഉൾപ്പെടുത്തി ആന്റി റാഗിങ് സ്ക്വാഡ് രൂപവത്കരിച്ചത്. സ്ക്വാഡ് നൽകിയ അന്തിമ റിപ്പോർട്ടിലാണ് എട്ടുമാസമായി സിദ്ധാർഥൻ നിരന്തരം പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് വിദ്യാർഥികൾ മൊഴി നൽകിയതായി പറയുന്നത്. എന്നാൽ യൂനിവേഴ്സിറ്റിയിൽ വർഷങ്ങളായി നിലവിലുള്ള ആന്റി റാഗിങ് കമ്മിറ്റി ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. കമ്മിറ്റിയുടെ മുമ്പിൽ റാഗിങ്ങുമായി ബന്ധപ്പെട്ട പരാതികളൊന്നും ഇതുവരെ ലഭിച്ചില്ലെന്നും പറയുന്നു.
സിദ്ധാർഥന്റെ മരണത്തിന് മുമ്പ് കമ്മിറ്റി അപൂർവമായി മാത്രമേ ചേരാറുണ്ടായിരുന്നുള്ളൂവെന്നും ആരോപണമുണ്ട്. ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ മാത്രമാണ് ആന്റി റാഗിങ് കമ്മിറ്റി വിവരം അറിഞ്ഞത്.
എന്തിനാണ് ഇങ്ങനെ ഒരു കമ്മിറ്റി എന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്. അതതു ഹോസ്റ്റലുകളുടെ ചാർജുള്ള വാർഡനും അസിസ്റ്റന്റ് വാർഡനുമാണ് ഹോസ്റ്റലുകളിൽ നടക്കുന്ന സംഭവങ്ങൾ കമ്മിറ്റിയെ അറിയിക്കേണ്ടതെന്ന ന്യായീകരണമാണ് കമ്മിറ്റി പറയുന്നത്. എ.ഡി.എം, യൂനിവേഴ്സിറ്റിയിലെ നാല് പ്രഫസർമാർ, മാധ്യമ പ്രതിനിധികൾ, പൊലീസ് ഓഫിസർമാർ, തഹസിൽദാർ, വിദ്യാർഥി പ്രതിനിധികൾ, യൂനിവേഴ്സിറ്റിയിലെ എൻ.ജി.ഒ പ്രതിനിധികൾ എന്നിവരാണ് ആന്റി റാഗിങ് കമ്മിറ്റിയിലെ അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.