വൈത്തിരി: വയനാട്ടിൽ ഏഴ് പൊലീസ് സ്റ്റേഷനുകളിൽ സി.ഐമാരെ നിയമിക്കാത്തതിനാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. വൈത്തിരി, വെള്ളമുണ്ട, നൂൽപ്പുഴ, മീനങ്ങാടി, പടിഞ്ഞാറത്തറ, തലപ്പുഴ, പനമരം സ്റ്റേഷനുകളിലാണ് സി.ഐമാരെ നിയമിക്കാത്തതിനാൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരില്ലാത്തത്.
സി.ഐമാർക്കാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ ചുമതല. എന്നാൽ, സി.ഐമാരെ നിയമിക്കാത്ത ജില്ലയിലെ ഏഴു പൊലീസ് സ്റ്റേഷനുകളിലും ഇപ്പോൾ എസ്.ഐമാർക്കാണ് സി.ഐമാരുടെ അധികച്ചുമതലയുള്ളത്. ഇവരാണിപ്പോൾ ഇവിടങ്ങളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതലയും വഹിക്കുന്നത്. ഇതിൽ വൈത്തിരി സ്റ്റേഷനിൽ സി.ഐ ഇല്ലാതായിട്ട് ഒന്നര വർഷമായി.
രൂക്ഷമായ വന്യമൃഗ ഭീഷണിയും മാവോയിസ്റ്റ് ഭീഷണിയുമുള്ള ജില്ലയിൽ ദൈനംദിന കാര്യങ്ങൾക്കുപോലും ആവശ്യത്തിന് പൊലീസുകാരില്ലാത്ത സാഹചര്യമാണുള്ളത്. ഇത് സേനക്കുള്ളിൽ തന്നെ അമർഷത്തിനും ഇടയാക്കുന്നുണ്ട്.
ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാൽ നിലവിലുള്ള പൊലീസുകാർക്ക് അമിത ജോലി ഭാരവുമാണ്. ഇതിനിടെ ജില്ലയിൽനിന്നും ഒരുവിഭാഗം പൊലീസുകാരെ ശബരിമല സ്പെഷൽ ഡ്യൂട്ടിക്കയച്ചത് പ്രതിസന്ധി രൂക്ഷമാക്കി.
ഇതിനിടെ കലോത്സവങ്ങൾക്കും ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും അധിക ഡ്യുട്ടി വരുന്നതോടെ പൊലീസുകാർക്ക് അവധിയോ ഓഫ് ഡേയോ ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്.
അമിതജോലി മൂലം പൊലീസുകാർക്കിടയിൽ തന്നെ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. വയനാട് ഉൾപ്പെടെ സംസ്ഥാനത്തെ 130ഓളം പൊലീസ് സ്റ്റേഷനുകളിലാണ് ഹൗസ് ഓഫിസർമാരില്ലാത്തത്. ഇതിനാൽ തന്നെ ഈ സ്ഥലങ്ങളിലെല്ലാം ഒരുവർഷത്തിലധികമായി എസ്.എച്ച്.ഒമാരുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. സർക്കിൾ ഇൻസ്പെക്ടർ തസ്തകയിലേക്ക് ഇപ്പോൾ നിയമനം നടക്കുന്നില്ലെന്നതാണ് ഇതിന് കാരണമായി പറയുന്നതെങ്കിലും സീനിയോറിറ്റി സംബന്ധിച്ച കേസ് ട്രൈബ്യൂണലിൽ നടക്കുന്നതിനാലാണ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്. എസ്.ഐമാരുടെ പ്രമോഷനും ഇപ്പോൾ നിലച്ച മട്ടാണ്.
പിന്നാക്ക ജില്ലയായ വയനാട്ടിൽ സി.ഐമാരെ ആവശ്യത്തിന് നിയമിക്കാത്തത് കേസ് അന്വേഷണങ്ങളെ ഉൾപ്പെടെ ബാധിക്കുന്നുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ റിസോർട്ടുകളുള്ളതും ജില്ല അതിർത്തി പങ്കിടുന്നതുമായ സ്റ്റേഷനാണ് വൈത്തിരി. കേസുകളുടെ ആധിക്യത്തിനിടയിലും സി.ഐ ഇല്ലാത്തത് മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.