വൈത്തിരി: വാഹനപ്പെരുപ്പവും ഇടുങ്ങിയ ഹെയർ പിൻ വളവുകളും വയനാട് ചുരം യാത്ര ദുഷ്കരമാക്കുന്നതിന് പുറമെ നിത്യേനെയുണ്ടാവുന്ന ചെറുതും വലുതുമായ അപകടങ്ങളും വളവുകളിൽ വലിയ വാഹനങ്ങൾ കേടാവുന്നതും നിത്യസംഭവമാകുന്നു. ഇതു കാരണം വാഹനങ്ങൾക്ക് മണിക്കൂറുകളാണ് പലപ്പോഴും ചുരം കയറാനും ഇറങ്ങാനും വേണ്ടിവരുന്നത്.
നിപ ഭീതിമൂലം ജില്ലയിലേക്കുള്ള വാഹനങ്ങളും യാത്രക്കാരും കഴിഞ്ഞ ദിവസങ്ങളിൽ കുറവായിരുന്നു. എന്നാൽ, അപകടങ്ങൾക്കും വാഹനങ്ങൾ കേടാവുന്നതിനും കുറവുണ്ടായില്ല. ഇതു കാരണം പലപ്പോഴും വൺവേആയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കഴിഞ്ഞ ദിവസം രണ്ടാം വളവിനു സമീപം പിക്ക് അപ് വാൻ മറിഞ്ഞു മണിക്കൂറുകളാണ് ഗതാഗത തടസ്സം നേരിട്ടത്.
ഒമ്പതാം വളവിനു താഴെ റോഡിന്റെ വശത്തേക്കു ചരക്കു ലോറി മറിഞ്ഞു ഡ്രൈവറും യാത്രക്കാരനും പരിക്കില്ലാതെ രക്ഷപ്പെട്ടു. എട്ടാം വളവിൽ ചരക്കു ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ലോറി എട്ടാം വളവിൽ കുടുങ്ങി ഏറെ നേരം ഗതാഗത സ്തംഭനമുണ്ടായി.
ഓവുചാലിലേക്ക് വാഹനങ്ങൾ ചാടുന്നത് നിത്യസംഭവമായതോടെ ഭിത്തി കെട്ടുന്ന നടപടി നടന്നുവരുന്നുണ്ട്. എന്നാൽ, വലിയ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും അവധി ദിവസങ്ങളിൽ തിരക്കൊഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിനും നിർദേശങ്ങളുണ്ടെങ്കിലും അവയല്ലാം ഫയലുകളിൽ മാത്രം ഒതുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.