വൈത്തിരി: പഴയ വൈത്തിരി മുള്ളൻപാറയിൽ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി പശുവിനെ കൊന്നു. മുള്ളൻപാറ സ്വദേശി ചന്ദനക്കാട്ടിൽ അബ്ദുറഹിമാന്റെ ഗർഭിണിയായ പശുവിനെയാണ് ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ കടുവ കൊന്നത്. പശുവിനെ തേടിയിറങ്ങിയ അബ്ദുറഹിമാൻ കടുവയെ നേരിൽ കണ്ടെന്നാണ് പറയുന്നത്. ഇതോടെ പ്രദേശവാസികൾ ഭയപ്പാടിലായി.
ആക്രമിച്ചത് കടുവയാണെന്നാണ് പ്രാഥമിക നിഗമനം. ഒന്നര മാസം മുമ്പ് കുന്നുമ്മൽ ഹസ്സന്റെ പശുവിനെ പുലി കടിച്ച് പരിക്കേൽപിച്ചിരുന്നു. ബുധനാഴ്ച പശുവിനെ കൊന്ന സ്ഥലം ടി. സിദ്ദീഖ് എം.എൽ.എ സന്ദർശിച്ചു. പശുവിന്റെ ഉടമയുമായി സംസാരിച്ചു.
പ്രിൻസിപ്പൽ സി.സി.എഫ് സി. ജയപ്രസാദുമായും ഡി.എഫ്.ഒയുമായും നേരിട്ട് സംസാരിക്കുകയും അടിയന്തരമായി കടുവയുടെയും പുലിയുടെയും സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കൂടും കാമറയും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും എം.എൽ.എ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.