വൈത്തിരി: ഒന്നാം കോവിഡ് വ്യാപനത്തിൽനിന്ന് കരകയറും മുെമ്പത്തിയ രണ്ടാം തരംഗം ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ വിനോദസഞ്ചാര മേഖലയുടെ ചിറകൊടിച്ചു. ജില്ലയിലെ നല്ലൊരു ഭാഗം ജനങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ജീവിതോപാധിയായി മേഖലയെ ആശ്രയിക്കുന്നു. ഈ രംഗത്തുണ്ടാകുന്ന ഏതൊരു ആഘാതവും ജില്ലയുടെ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാകും.
പ്രളയവും നോട്ടു നിരോധനവും ജി.എസ്.ടിയും തീർത്ത പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിനിടെയാണ് ഇരുട്ടടിയായി കഴിഞ്ഞവർഷം കോവിഡ് എത്തുന്നത്. ആറു മാസത്തെ അടച്ചിടലിനൊടുവിൽ അതിജീവനത്തിെൻറ പാതയിലായിരുന്നു. ഇതര ജില്ലകളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും ഏറെ നാളത്തെ പൂട്ടിയിടലിനൊടുവിൽ പുറത്തിറങ്ങിയ സഞ്ചാരികൾ വിനോദത്തിനായി തെരഞ്ഞെടുത്തത് വയനാടായിരുന്നു. ഡി.ടി.പി.സിയുടെയും വനം വകുപ്പിെൻറയും കെ.എസ്.ഇ.ബിയുടെയും നിയന്ത്രണത്തിലുള്ള എല്ലാ കേന്ദ്രങ്ങളും സഞ്ചാരികളെ കൊണ്ടു നിറഞ്ഞു. അനുവദിച്ചതിലും പതിന്മടങ്ങു യാത്രികരാണ് പല കേന്ദ്രങ്ങളിലും എത്തിയത്. ഉൾപ്രദേശങ്ങളിലുള്ള മറ്റു കേന്ദ്രങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ.
എന്നാൽ, നവീകരണത്തിനിടെ വയനാട് ചുരം റോഡ് ഇടിഞ്ഞതോടെ തെക്കൻ ഭാഗത്തുനിന്നു ജില്ലയിലേക്കുള്ള വരവ് നിലച്ചു. ചുരം നന്നാക്കിയ ശേഷം ഒന്നു മെച്ചപ്പെട്ട മേഖലയിലേക്ക് കരിനിഴൽ വീഴ്ത്തിയാണ് കോവിഡിെൻറ രണ്ടാം വരവുണ്ടായത്. ഇതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഒന്നൊന്നായി അടച്ചു. സഞ്ചാരികളുടെ വരവും നിലച്ചു. നേരിട്ടും അല്ലാതെയും ടൂറിസത്തെ ആശ്രയിച്ചിരുന്ന ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലായി. ഇതര സംസ്ഥാനത്തു നിന്നെത്തിയ തൊഴിലാളികൾ ഭൂരിഭാഗവും നാടണഞ്ഞു. വർഷങ്ങളായി അടച്ചിട്ടിരുന്ന മീൻമുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര മല, സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവ ദ്വീപ് എന്നിവയെല്ലാം സഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ തയറെടുക്കുന്നതിനിടെയാണ് കോവിഡ് രൂക്ഷമായത്.
ഇതോടെ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് ഡി.ടി.പി.സിക്കും വിനോദസഞ്ചാര മേഖലയിലെ സംരംഭകർക്കും പറയാനുള്ളത്. കോവിഡിനു മുമ്പ് 2019-2020 വർഷത്തിൽ ഡി.ടി.പി.സിക്ക് കീഴിലെ ടൂറിസം കേന്ദ്രങ്ങളിൽ ടിക്കറ്റ് ഇനത്തിൽ മാത്രം ഏഴു കോടിയിലേറെയാണ് വരുമാനം. എന്നാൽ, കോവിഡ് ആരംഭിച്ച 2020-21 വർഷത്തിൽ വരുമാനം നാലു കോടിയായി ഇടിഞ്ഞു. അടച്ചിടൽ നീളുന്നത് ഈ രംഗത്തുള്ളവരെ കൂടുതൽ പ്രതിസന്ധിയിലാക്കും.
ജില്ലയിലെ പുതുതായി രണ്ടു വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ഡി.ടി.പി.സി ഏറ്റെടുത്തു സഞ്ചാരികൾക്കായി തുറക്കുന്നുണ്ട്. ട്രക്കിങ്ങിനും ടെൻറ് ക്യാമ്പിങ്ങിനുമായി ചീങ്ങേരി മല ഒരുങ്ങി. ഇതോടൊപ്പം മാവിലാൻതോട് പദ്ധതിയും സജ്ജമായി. സ്മൃതി മണ്ഡപവും ഡിജിറ്റൽ മ്യൂസിയവും ഇതോടൊപ്പം പൂർത്തീകരിച്ചുവരുന്നുണ്ട്. ഇതിനായി 1.75 കോടിയാണ് ചെലവഴിക്കുന്നത്.
ലോക്ഡൗൺ കഴിഞ്ഞു കാര്യങ്ങളൊക്കെ ശരിയാംവിധം മുന്നോട്ടുപോകുകയാണെങ്കിൽ ടൂറിസം രംഗത്ത് ജില്ലയിൽ വൻകുതിച്ചുചാട്ടം പ്രതീക്ഷിക്കാവുന്നതാണെന്നു ഡി.ടി.പി.സി സെക്രട്ടറി ആനന്ദ് പറഞ്ഞു. ക്രമേണയായി തദ്ദേശീയരെയാണ് ആദ്യം പ്രതീക്ഷിക്കേണ്ടത്. തുടർന്ന് അയൽ സംസ്ഥാനക്കാരെയും. വിനോദ സഞ്ചാരകേന്ദ്രങ്ങൾ എല്ലാം അടച്ചിട്ടനിലയിലാണ്. ലോക്ഡൗൺ കഴിയുമ്പോഴേക്കും എല്ലാം പ്രവർത്തനസജ്ജമാകും.
ടൂറിസം രംഗത്ത് അനന്തസാധ്യതകളുള്ള ജില്ലയാണ് വയനാടെന്നും സഞ്ചാരികളിൽ സുരക്ഷാബോധം ഉണ്ടാക്കേണ്ടത് ആവശ്യമാണെന്നും വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡൻറ് കെ.ആർ. വാഞ്ചിശ്വർ പറയുന്നു. രണ്ടാം തരംഗം കഴിഞ്ഞു ജില്ലയിലെ വിനോദ കേന്ദ്രങ്ങൾ തുറക്കുമ്പോൾ യാത്ര ചെയ്യുന്ന സഞ്ചാരികൾ ഒന്നുകൂടി ജാഗ്രതയുള്ളവരായിരിക്കും.
ജില്ലയിലെ ഹോട്ടൽ, റിസോർട്ട് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വർക്ക് ഫ്രം ഹോം, ഇതര സ്ഥലങ്ങളിലുള്ളവർക്ക് വർക്ക് റെസ്റ്റ് ആൻഡ് റിക്രിയേഷൻ എന്ന പദ്ധതി നടപ്പാക്കാവുന്നതാണ്.
കാടും മലകളുമൊക്കെയുള്ള ഭംഗിയേറിയ ഈ കൊച്ചു ജില്ലയുടെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം കുറവാണ്. ഓക്സിജൻ ലഭ്യതയിലുള്ള വർധനയാണ് ഇതിനു കാരണമെന്ന് ലക്കിടി സനിഹാര റിസോർട്ട് മാനേജിങ് ഡയറക്ടർ അഷ്റഫ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.