വൈത്തിരി: അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.
ആര്‍ദ്രം ആരോഗ്യം പരിപാടിയില്‍ ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും കല്പറ്റ ജനറല്‍ ആശുപത്രിയിലും സന്ദര്‍ശനം നടത്തിയശേഷം പൂക്കോട് വെറ്ററിനറി കോളജില്‍ ജില്ലതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. പൊതുജന ആരോഗ്യ സേവന ദൗത്യത്തില്‍ വയനാട് ജില്ല അഭിമാനകരമായ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ സ്ഥാപന കേന്ദ്രീകൃത പൊതുജന സേവനത്തില്‍ പിന്നോട്ടാണ്.
സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുന്നത്. അനാരോഗ്യകരമായ ചില പ്രവണതകളാണ് ആര്‍ദ്രം പദ്ധതിയുടെ വിശാലമായ ലക്ഷ്യത്തിന് വെല്ലുവിളിയാകുന്നത്. ഇത്തരത്തിലുള്ള പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന മേലധികാരികള്‍ ഉന്നത തലങ്ങളിലറിയിക്കണം. നിരുത്തരവാദപരമായ രീതികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്തും
കൽപറ്റ: വയനാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവ ശുശ്രൂഷ വിഭാഗം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലും വൈത്തിരി താലൂക്ക് ആശുപത്രിയിലും ഗൈനക്കോളജി വിഭാഗത്തില്‍ നിലവില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും.
അടിസ്ഥാനപരമായി എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെങ്കിലും ഇതിനനുസരിച്ച് പൊതുജനങ്ങള്‍ക്ക് സേവനമെത്തിക്കുന്നതില്‍ വീഴ്ചയുള്ളതായി ജനപ്രതിനിധികള്‍ പരാതി ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ എത്രയും പെെട്ടന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ആദിവാസികളും തോട്ടം തൊഴിലാളികളും ഏറെയുള്ള ജില്ലയെന്ന നിലില്‍ വയനാട്ടിലെ ആതുരാലയങ്ങളില്‍ മികച്ച ചികിത്സ സൗകര്യമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രസവ ശുശ്രൂഷ വിഭാഗവും കുട്ടികളുടെ ചികിത്സ സൗകര്യങ്ങളും കൂടുതല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മികച്ച ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പല കെട്ടിടങ്ങളും സംവിധാനങ്ങളും നിര്‍മാണ ഘട്ടത്തിലാണ്. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.
ജില്ലയിലെ ആരോഗ്യമേഖലയില്‍ മണ്ഡല താലൂക്ക് അടിസ്ഥാനത്തില്‍ അവലോകനം ചെയ്ത മന്ത്രി പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. കല്പറ്റയില് ഡയാലിസിസ് യൂനിറ്റും, ബ്ലഡ് ബാങ്കും ഉടന്‍ സജ്ജമാക്കും. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്കിന്റെ നിര്‍മാണവും അവസാനഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചു. നിര്‍മാണം വൈകിപ്പിക്കുന്ന ഏജന്‍സികളെ ഒഴിവാക്കുമെന്നും മന്ത്രി യോഗത്തില്‍ മുന്നറിയിപ്പ് നല്കി.
വയനാട് മെഡിക്കല്‍ കോളജില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ എം.ബി.ബി.എസ് ക്ലാസ് തുടങ്ങാന്‍ പദ്ധതി തയാറാക്കുകയാണ്. ഇതുസംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാഷനല്‍ മെഡിക്കല്‍ കമീഷന് ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ സമയബന്ധിതമായി പരിഹരിക്കും.
സജ്ജമാക്കിയ ആറുനില കെട്ടിടത്തില്‍ ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങളൊരുക്കും. സര്‍ക്കാര്‍ തലത്തില്‍ അഞ്ചു നഴ്സിങ് കോളജുകള്‍ക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയതില്‍ വയനാടും ഉള്‍പ്പെട്ടിട്ടുണ്ട്. നഴ്സിങ് കോളജും മാനന്തവാടിയില്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കാത്ത്ലാബ് പ്രവര്‍ത്തനം നവംബര്‍ ആദ്യവാരം തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
നിപ പോലുളള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സഹായകരമായ വണ്‍ ഹെല്‍ത്ത് ഏകാരോഗ്യ സംവിധാനത്തെ പിന്തുടരുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിനായി പൊതുവായ പ്രോട്ടോക്കോളുണ്ടാക്കും. ഏതെങ്കിലും പകര്‍ച്ചവ്യാധികളുടെ രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാനും ഇതിലൂടെ അതിജീവിക്കാനും കഴിയും. പകര്‍ച്ചവ്യാധികളെ നേരിടുന്നതിന് ഇതൊരു ഫലവത്തായ രീതിയാണെന്ന് ഇതിനകം അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി കല്പറ്റ ജനറല്‍ ആശുപത്രി മന്ത്രി വീണജോര്‍ജ് സന്ദര്‍ശിച്ചു. കല്പറ്റ ജനറല്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഒ.പി സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സ്റ്റാഫ് പാറ്റേണ്‍ പരിഹരിക്കുന്നതിനും സൂപ്പര്‍ സ്പെഷാലിറ്റി തസ്തിക സൃഷ് ടിക്കുന്നതിനും സ്ട്രോക്ക് സ്പെഷലൈസേഷന് യൂനിറ്റ് സ്ഥാപിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റും, കാഷ്വാലിറ്റി ബ്ലോക്കും ആശുപത്രിക്ക് അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും സ്ഥലസൗകര്യം ലഭ്യമാക്കുന്നതിന് എം.എല്‍.എയുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ ഉണ്ടാകേണ്ട പരമാവധി സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇത് കൃത്യമായി നിരീക്ഷിക്കുന്നതിന് ഡി.എം.ഒക്കും മന്ത്രി നിര്‍ദേശം നല്കി. കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം എത്രയും വേഗം ആരംഭിക്കണമെന്നും മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിർദേശം നല്കി. പീഡിയാഗ്രിക് ഐ.സി.യു, ജനറല്‍ ഐ.സി.യു, കാഷ്യാലിറ്റി വാര്‍ഡുകള്‍ മന്ത്രി സന്ദര്‍ശിച്ചു.
സുമയ്യക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്ന് സഹായം ലഭ്യമാക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി വീണജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പരിപാടിയുടെ ഭാഗമായി ആരോഗ്യ മന്ത്രി വൈത്തിരി താലൂക്ക് ആശുപത്രി സന്ദര്‍ശിക്കുമ്പോഴാണ് പൊഴുതന സ്വദേശിനി സുമയ്യ മന്ത്രിയെ കാണുന്നത്. തന്റെ ദയനീയാവസ്ഥ മന്ത്രിയോട് പറഞ്ഞു.
അപകടത്തില്‍ പരിക്കേറ്റ് ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് സുമയ്യ. മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ അപേക്ഷിച്ചെങ്കിലും മതിയായ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് സഹായം അനുവദിച്ചില്ല. സുമയ്യയുടെ ആവശ്യം ഉടന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താമെന്നും ആവശ്യമായ സഹായം ഉറപ്പാക്കാമെന്നും മന്ത്രി പറഞ്ഞു.
സുൽത്താൻ ബത്തേരി: ആരോഗ്യ മന്ത്രി വീണ ജോർജ് സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ സന്ദർശനം നടത്തി. ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ള സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വിവിധ വാർഡുകളിലെത്തി രോഗികളെ കണ്ടു.
പിന്നീട് മാധ്യമപ്രവർത്തകരുമായി സംസാരിച്ച മന്ത്രി ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചു. എല്ലാ സൗകര്യങ്ങളും, രണ്ട് ഡോക്ടർമാരുമുണ്ടായിട്ടും പ്രവർത്തനം തൃപ്തികരമല്ല. ആശുപത്രിയിലെത്തുന്ന രോഗികളെ കൂടുതലായി റഫർ ചെയ്യുന്നുണ്ട്.
അത് പാടില്ല. ഭൗതിക സൗകര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തുമ്പോൾ അതിന്റെ സേവനം ഇവിടെവരുന്ന രോഗികൾക്ക് കൂടി ലഭ്യമാകണം. റഫർ ചെയ്യാനായിരുന്നുവെങ്കിൽ സൗകര്യങ്ങൾ ഒരുക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, മന്ത്രി ഒ.പി സന്ദർശിക്കാത്തത് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറെ ആഴ്ചകളായി ഒ.പി യിൽ ഡോക്ടർമാരില്ലാത്ത അവസ്ഥയാണ്.
ഒ.പി കൈകാര്യം ചെയ്തിരുന്ന ആറ് ഡോക്ടർമാർ ഉന്നത പഠനത്തിനായി രാജിവെച്ച് പോയതോടെ പകരം ഡോക്ടർമാർ എത്താത്തതാണ് പ്രശ്നം. ഒന്നോ രണ്ടോ സ്പെഷലിസ്റ്റ് ഡോക്ടർമാരാണ് ഒ.പി. നോക്കുന്നത്. ആയിരത്തിലേറെ രോഗികളാണ് ദിവസവും എത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.