വൈത്തിരി: എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഗർഭിണികൾക്ക് കിടത്തിചികിത്സയില്ല. എല്ലാ സൗകര്യങ്ങളുമുള്ള പ്രസവ വാർഡും ലേബർ മുറിയും രണ്ട് ഗൈനക്കോളജിസ്റ്റുകളും ആശുപത്രിയിൽ ഉണ്ട്. എന്നാൽ ആശുപത്രിയിലെത്തുന്ന ഗർഭിണികൾക്ക് ചികിത്സ ലഭിക്കണമെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. തോട്ടംതൊഴിലാളികളും ആദിവാസികളുമടക്കമുള്ള സാധാരണ ജനവിഭാഗത്തിന്റെ ആശ്രയകേന്ദ്രമാണ് വൈത്തിരി താലൂക്ക് ആശുപത്രി.
ആശുപത്രിയിൽ 20 കിടക്കകളുള്ള മറ്റേർണിറ്റി വാർഡുണ്ട്. എന്നാൽ ഗർഭിണികളെ പ്രവേശിപ്പിക്കാതെയും പ്രസവം നടത്താതെയും ഇത് ഒഴിഞ്ഞുകിടക്കുകയാണ്. നാലുവർഷമായി ഈ അവസ്ഥ തുടരുകയാണ്. ഇപ്പോൾ ആശുപത്രിയിൽ രണ്ട് ഗൈനക്കോളജിസ്റ്റുമാരാണുള്ളത്.
ചട്ടപ്രകാരം മൂന്ന് ഗൈനക്കോളജിസ്റ്റുകൾ ഇല്ലെങ്കിൽ ഗർഭിണികളെ കിടത്തിചികിത്സിപ്പിക്കാൻ പാടില്ലെന്നതിനാലാണ് അഡ്മിറ്റ് ചെയ്യാത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, നേരത്തേ ഒരു ഗൈനക്കോളജിസ്റ്റ് മാത്രമുള്ള സമയത്തുപോലും കിടത്തിചികിത്സ നൽകിയിരുന്നു.
ഗൈനക്കോളജി ഡോക്ടർമാർ ആശുപത്രിയുടെ എട്ടുകിലോമീറ്റർ ചുറ്റളവിൽ താമസിക്കണമെന്നാണ് ചട്ടം. നിലവിലുള്ള രണ്ടു ഡോക്ടർമാർ ഇതര ജില്ലക്കാരാണ്. ഇവർ എല്ലാ ദിവസവും പോയി വരുന്നവരാണ്.
ഇവരുടെ സൗകര്യത്തിനനുസരിച്ചാണ് ഗർഭിണികളെ കിടത്തിചികിത്സ നൽകാതെ പറഞ്ഞുവിടുന്നതെന്ന ആക്ഷേപം ശക്തമാണ്. പ്രസവത്തിനു മറ്റ് ആശുപത്രികളെ ആശ്രയിക്കാനുള്ള ഉപദേശമാണ് ഡോക്ടർമാർ ഗർഭിണികൾക്ക് നൽകുന്നതെന്ന് ആരോപണമുണ്ട്.
മറ്റ് ആശുപത്രികളിൽ തുടക്കം മുതൽ ചികിത്സ തേടിയ ഗർഭിണികളെ തുടർചികിത്സ നൽകാതെ വൈത്തിരി ആശുപത്രിയിൽനിന്ന് മടക്കി അയക്കുന്നതായും ആക്ഷേപമുണ്ട്.
വൈത്തിരി: വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ രണ്ടു വനിത ഡോക്ടർമാർ ഉണ്ടായിട്ടും ഗർഭിണികൾക്ക് കിടത്തിചികിത്സ നൽകാത്ത നടപടിയിൽ പ്രതിഷേധിച്ചു മുസ്ലിം യൂത്ത് ലീഗ് വൈത്തിരി പഞ്ചായത്ത് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന് നിവേദനം നൽകി. പരിശോധനക്കെത്തുന്ന ഗർഭിണികളെ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞ് മറ്റു ആശുപത്രികളിലേക്ക് വിടുകയാണ്.
കുറ്റാരോപണം നേരിടുന്ന ഡോക്ടർമാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നേതാക്കളായ ഷാജി കുന്നത്ത്, ഫായിസ് തങ്ങൾ, കെ.പി. അനസ്, വി. മാമുക്കോയ, ഷഫീഖ്, ആഷിർ, ജുബൈർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.