ചൂരൽമല (വയനാട്): ചെങ്കുത്തായ മലഞ്ചെരിവിലേക്ക് രക്ഷാപ്രവർത്തകരെയും വിവിധ സേനാംഗങ്ങളെയുംകൊണ്ട് ഒരു ജീപ്പ് ചീറിപ്പായുന്നു. വളയം പിടിക്കുന്ന ചെറുപ്പക്കാരന്റെ മനസ്സു നിറയെ മഹാദുരന്തത്തിന്റെ സങ്കടങ്ങൾ നിറഞ്ഞൊഴുകുകയാണെന്ന് ആ ജീപ്പിൽ കയറിയ എത്രപേർക്കറിയാം?
ചൂരൽമല സ്വദേശിയും 21കാരനുമായ മുഹമ്മദ് ഷാമിലാണ് ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന സ്വന്തം ജനതക്കു മുന്നിൽ അതിജീവനത്തിന്റെ അടയാളമായി ദുർഘട പാതകളിലൂടെ സേവനവഴി താണ്ടുന്നത്. അപ്രതീക്ഷിത മഹാദുരന്തത്തിൽ ഷാമിലിന്റെ കുടുംബത്തിൽനിന്ന് നാലുപേരാണ് മരിച്ചത്. ഇതിൽ രണ്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി തിരച്ചിൽ നടത്തുമ്പോൾതന്നെയാണ് ദുരന്തമേഖലയിലെ ഈ സേവനം.
ചൂരൽമലയിലെ പിതാവിന്റെ കടയോടു ചേർന്ന കെട്ടിടത്തിലായിരുന്നു ഷാമിലും കുടുംബവും താമസിച്ചിരുന്നത്. ദുരന്തദിവസം അർധരാത്രി അയൽവാസി ഓടിവന്ന് രക്ഷപ്പെട്ടോ മല പൊട്ടിയെന്ന് പറഞ്ഞപ്പോൾ ഉമ്മക്കും ഉപ്പക്കുമൊപ്പം തലനാരിഴക്ക് രക്ഷപ്പെട്ടതാണ് ഷാമിലും കുടുംബവും. അപകടത്തിൽ ഷാമിലിന്റെ തറവാട്ട് വീട്ടിലുള്ളവരാണ് മരിച്ചത്.
രക്ഷപ്പെട്ടവർ ബന്ധുവീട്ടിലും ക്യാമ്പുകളിലുമൊക്കെയായി കഴിയുമ്പോഴാണ് തനിക്കറിയാവുന്ന പണിയുമായി ദുരന്തഭൂമിയിൽ ഈ ചെറുപ്പക്കാരൻ സജീവമാകുന്നത്. കൂലി വാങ്ങാതെ ജീപ്പെടുത്ത് രക്ഷാദൗത്യങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ദുരന്തത്തിന്റെ ആദ്യദിനം മുതൽ ഷാമിൽ മുന്നിലുണ്ട്. ഡിപ്ലോമ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും നാട്ടിൽ ടാക്സി ഓടിക്കലായിരുന്നു ഷാമിലിന് കൂടുതൽ ഇഷ്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.