മാനന്തവാടി: അനധികൃതമായി സൂക്ഷിച്ച റേഷനരി ദ്വാരകയിലെ സൂപ്പർമാർക്കറ്റിൽനിന്ന് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 356 കിലോ അരി കസ്റ്റഡിയിലെടുത്തു. ജില്ല സപ്ലൈ ഓഫിസർക്ക് കിട്ടിയ പരാതി പ്രകാരമാണ് പരിശോധന നടത്തിയത്. മാനന്തവാടി സപ്ലൈ ഓഫിസറുടെ നിർദേശപ്രകാരം റേഷനിങ് ഇൻസ്പെക്ടർമാരായ എസ്.ജെ. വിനോദ്, സീമ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
എട്ട് പ്ലാസ്റ്റിക് ചാക്കുകളിലായിരുന്നു അരി. പരിസരപ്രദേശത്തെ സ്കൂളിൽനിന്ന് അരി എത്തിച്ചുനൽകിയെന്നാണ് ജീവനക്കാർ അധികൃതരെ അറിയിച്ചത്. റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനെക്കാൾ ഗ്രേഡ് കൂടിയ അരിയാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
നടപടി വേണം
മാനന്തവാടി: ദ്വാരകയിലെ സൂപ്പർമാർക്കറ്റിൽനിന്ന് സ്കൂൾ കുട്ടികൾക്കുള്ള റേഷനരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി എടവക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ അനുവദിച്ച അരി പിടികൂടിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കൃത്യമായ വിവരങ്ങളുണ്ടായിട്ടും സംരക്ഷിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിക്കുന്നത് -യോഗം കുറ്റപ്പെടുത്തി. വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. അനൂപ് ദ്വാരക, അജി പാണ്ടിക്കടവ്, ജോഷി, ദിൽഷാദ്, അനൂപ്, രാജു പൈനാടം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.