സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയാക്കിയുള്ള കരട് വിജ്ഞാപനത്തിലെ നിർദേശങ്ങൾ നടപ്പായാൽ ജീവിതം ദുസ്സഹമാകുമെന്ന ആശങ്കയിലാണ് ജനം. കിടപ്പാടം വിട്ടുപോകേണ്ടി വരുമോ എന്നുവരെ ചിന്തിക്കുന്നവരുണ്ട്. എന്നാൽ, ജനവാസ കേന്ദ്രങ്ങളെ വിജ്ഞാപനം ഒരിക്കലും ബാധിക്കില്ലെന്ന് വയനാട് വന്യജീവി സങ്കേതം മേധാവി പി.കെ. ആസിഫ് 'മാധ്യമ'ത്തോട് പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും 118.59 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ദുർബല മേഖലയാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. കിടങ്ങനാട്, നൂൽപ്പുഴ, ഇരുളം, പുൽപള്ളി, തൃശ്ശിലേരി, തിരുനെല്ലി എന്നിങ്ങനെ ആറ് വില്ലേജുകൾ പരിസ്ഥിതി ദുർബല പ്രദേശത്ത് പുതുതായി ഉൾപ്പെടും.
എല്ലാ വില്ലേജിലും നിയന്ത്രണങ്ങൾ വരുമെങ്കിലും ജനജീവിതത്തെ ബാധിക്കില്ലെന്നാണ് വനപാലകർ പറയുന്നത്. കഴിഞ്ഞ ഒക്ടോബർ- നവംബർ മാസങ്ങളിലാണ് പരിസ്ഥിതി ലോലം സംബന്ധിച്ച പഠന റിപ്പോർട്ട് വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയത്. എന്നാൽ, അതിന് മുമ്പുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കരട് വിജ്ഞാപനം ഇറങ്ങിയതെന്ന് വയനാട് വന്യജീവി സങ്കേതം മേധാവി പറഞ്ഞു.
ഒക്ടോബറിൽ കൊടുത്ത റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലുള്ള യോഗങ്ങൾ ഇനി നടക്കേണ്ടതുണ്ട്. ഇപ്പോൾ വന്നിരിക്കുന്ന വിജ്ഞാപനത്തിൽ ആശങ്കപ്പെടേണ്ടതില്ല. അന്തിമ വിജ്ഞാപനം മാറ്റങ്ങളോടെയേ വരുകയുള്ളൂവെന്നും വയനാട് വന്യജീവി സങ്കേതം മേധാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.