സമരവഴിയിൽ പൊലീസ് മർദനമടക്കമുള്ള കനൽപഥങ്ങൾ താണ്ടിയാണ് ഒരുകൂട്ടം ആദിവാസികൾക്ക് പുളിഞ്ഞാൽ പെരുങ്കുളം നെല്ലിക്കച്ചാലിൽ ഭൂമി സ്വന്തമാക്കാനായത്. 15 വർഷം മുമ്പ് ഭൂമി ലഭിച്ചെങ്കിലും ഇപ്പോഴും താമസയോഗ്യമായ വീടും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവർക്ക് സ്വപ്നമാണ്. നിലവിൽ, കുടുംബങ്ങളെ ഇവിടെനിന്ന് കുടിയിറക്കി പുനരധിവസിപ്പിക്കാനുള്ള അധികൃതരുടെ നീക്കത്തെയും സംശയത്തോടെയാണ് ഇവർ വീക്ഷിക്കുന്നത്. നെല്ലിക്കച്ചാലിലെ ആദിവാസികളുടെ പ്രശ്നങ്ങൾ അന്വേഷിക്കുന്ന 'മാധ്യമം' പരമ്പര ഇന്നു മുതൽ.
ഗർഭിണിയായിരുന്ന ശാന്ത എന്ന ആദിവാസി വീട്ടമ്മ പെരുങ്കുളം നെല്ലിക്കച്ചാൽ സമരഭൂമിയിലെത്തുന്നത് കിടന്നുറങ്ങാൻ ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയായിരുന്നു. മുത്തങ്ങ സമരത്തെ തുടർന്ന് ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) നേതൃത്വത്തിൽ 2003ൽ വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാൽ നെല്ലിക്കച്ചാലിലെ സമരഭൂമിയിൽ മറ്റുള്ളവർക്കൊപ്പം കുടിൽകെട്ടി ശാന്തയും താമസമാരംഭിച്ചു. ഏറെ താമസിച്ചില്ല, സമരക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് മലകയറി വന്നു.
െപാലീസിനെകണ്ട് പേടിച്ചരണ്ട മകൾ ശാലിനിക്കൊപ്പം കൂരയുടെ മൂലയിൽ ആ അമ്മ നിന്നു. ഒടുക്കം സമരക്കാർക്കൊപ്പം അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിലേക്ക്. രണ്ട് മാസത്തിലധികം നീണ്ട ജയിൽവാസത്തിനിടയിൽ നേരിട്ട മർദനത്തെ തുടർന്ന് അവരുടെ ഗർഭം അലസി. രോഗിയായ ശാന്ത ഒടുവിൽ ഭൂമിയെന്ന സ്വപ്നം ബാക്കിയാക്കി 2006ൽ ഈ ലോകത്തോട് വിടപറഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ശാന്തയുടെ മകൾ ശാലിനി എല്ലാറ്റിനും മൂകസാക്ഷിയായി ഇന്നും ജീവിക്കുന്നു.
വർഷങ്ങൾ നീണ്ട സമരം വിജയിച്ച് ഭൂമി വിതരണത്തിലെത്തിയപ്പോൾ ശാന്തയെ എല്ലാവരും മറന്നു. സമരത്തിൽ പങ്കെടുത്ത് ക്രൂരമർദനം ഏറ്റുവാങ്ങിയ ശാന്തയുടെ മകൾ, ഒരു തുണ്ട് ഭൂമിപോലും ലഭിക്കാതെ നീതികേടിെൻറ നേർസാക്ഷ്യമായി സമരഭൂമിക്ക് സമീപത്തെ കോളനിയിലുണ്ട്. സമരക്കാരിൽ പലരും പട്ടികയിൽനിന്ന് പുറത്തായി. ഭൂമി ലഭിച്ചവരാകട്ടെ, വീടും മറ്റു സൗകര്യങ്ങളും പ്രതീക്ഷിച്ച് ഒന്നര പതിറ്റാണ്ടു കാലം ഓഫിസുകൾ കയറിയിറങ്ങി.
സദാസമയവും വീട്ടു മുറ്റത്തെത്തുന്ന വന്യമൃഗങ്ങൾക്കിടയിൽ ജീവൻ പണയം െവച്ച് ജീവിക്കുന്ന ഈ കുടുംബങ്ങളെ അധികൃതരും അവഗണിച്ചു. ഭൂമിക്ക് കൈവശരേഖ ലഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സമരഭൂമിയിലെ കുടുംബങ്ങളുടെ വീടിനു വേണ്ടിയുള്ള അപേക്ഷകൾ കാലങ്ങളോളം അധികൃതർ പരിഗണിച്ചില്ല.
ശക്തമായ മഴയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും ആവർത്തിക്കുന്ന ഭൂമിയിൽ മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കുടിലുകളിൽ പ്രതീക്ഷയോടെ അവർ ഭരണകൂടത്തിെൻറ കനിവിനായി കാത്തിരുന്നു. 15 വർഷത്തിലധികമായി ഇവിടെ താമസിക്കുന്ന പലർക്കും ഇതുവരെ വീട് അനുവദിച്ചിട്ടില്ല.
അടുത്ത കാലത്തായി വീട് അനുവദിക്കപ്പെട്ട കുടുംബങ്ങളാവട്ടെ നിരന്തരമായി ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങളിൽ സ്വൈരജീവിതം നഷ്ടപ്പെട്ട് മലയിറങ്ങേണ്ട അവസ്ഥയിലാണ്. കഴിഞ്ഞ വർഷത്തെ മഴയിൽ ഏകറോഡ് ഒലിച്ച് പോയതിനാൽ മലമുകളിലെ ഭൂമിയിലേക്കെത്താൻ സൗകര്യപ്രദമായ വഴിയും ഇല്ല. സമരംചെയ്ത് നേടിയ ഭൂമി ഇട്ടെറിഞ്ഞ് പല കുടുംബങ്ങളും മറ്റ് കോളനികളിലേക്ക് താമസം മാറ്റി. ശക്തമായ കാറ്റിലും മഴയിലും കുടിലുകൾ തകർന്നതും ഇവരുടെ ജീവിതം ദുസ്സഹമാക്കി.
വർഷങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഭൂമി ലഭിച്ച പലർക്കും ഇന്നും പുൽ വീട് തന്നെയാണ് കിടന്നുറങ്ങാൻ ശരണം. ഓരോ വർഷവും ആവർത്തിക്കുന്ന ഉരുൾ പൊട്ടലിനെ തുടർന്ന് ഓരോരുത്തരായി സമരഭൂമിയിൽ നിന്നും ഇറങ്ങി. വിരലിലെണ്ണാവുന്ന കുടുംബങ്ങൾ മാത്രമാണ് പെരുങ്കുളത്തും നെല്ലിക്കച്ചാലിലും നിലവിലുള്ളത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ പലരും വന്ന് നിരവധി വാഗ്ദാനങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല.
ഒടുവിൽ കഴിഞ്ഞ ദിവസം മാനന്തവാടി സബ്കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥസംഘം മുഴുവന്‍ ആദിവാസികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാനാവശ്യമായ നടപടികള്‍ കോളനിയില്‍ വിശദീകരിച്ചു. ആദിവാസി പുനരധിവാസ പദ്ധതിയിൽ മറ്റൊരു സ്ഥലത്ത് വീടും സ്ഥലവും വാങ്ങി മലയിറങ്ങാം എന്ന തീരുമാനത്തിൽ ആദിവാസികളും ഒപ്പംനിന്നു.
ഓരോ കുടുംബത്തിനും പുനരധിവാസത്തിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്നും കുടുംബത്തിനിഷ്ടപ്പെട്ട ഭൂമി കണ്ടെത്തി നല്‍കുമെന്നുമായിരുന്നു സബ്കലക്ടര്‍ അറിയിച്ചത്. എന്നാൽ, പൊരുതി നേടിയ ഭൂമി എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന വിധത്തിലാണ് പുതിയ പദ്ധതിയെന്നത് ഇവരെ ആശങ്കയിലാഴ്ത്തി.
വാളാരംകുന്ന് കോളനി എന്ന പേര് പോലും മലയിറങ്ങുന്നതോടെ നഷ്ടപ്പെടുമെന്ന ഭയം അവർക്കുണ്ട്. മാറ്റി പാർപ്പിക്കാനുള്ള നീക്കം അവസാന ഘട്ടത്തിലെത്തിയപ്പോൾ പിന്നിട്ട വഴിയിലെ ദുരിതങ്ങൾക്കൊപ്പം പുതിയ നീക്കത്തെയും സംശയത്തോടെയാണിവർ കാണുന്നത്.
(നാളെ: ദുരിത ജീവിതത്തിനിടയിലും പുനരധിവാസ പദ്ധതിക്കെതിരെ ആദിവാസികൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.