പുൽപള്ളി: ജില്ലയിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിൽ കൂട്ടത്തോടെ കാട്ടാനകൾ എത്തുന്നു. നേരത്തേ വനാതിർത്തി പ്രദേശങ്ങളിൽ മാത്രമായിരുന്നു ആനശല്യം. മുമ്പ് കാട്ടാനകളുടെ കാടിറക്കം ചിലസമയങ്ങളിൽ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ എവിടെ വേണമെങ്കിലും ഏതുസമയത്തും കാട്ടാനകൾ എത്തുമെന്ന സ്ഥിതിയാണ്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ശല്യത്താൽ വനാതിർത്തി മേഖലയിലെ നെൽകർഷകരും മറ്റു കർഷകരുമാണ് ഏറെ ദുരിതമനുഭവിക്കുന്നത്.
മഴ കനത്തതോടെ അതിർത്തി വനങ്ങളിൽനിന്നുമിറങ്ങുന്ന കാട്ടാനയടക്കമുള്ള വന്യജീവികളാണ് കൃഷി നശിപ്പിക്കുന്നത്. വനാതിർത്തികളിൽ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രധാന കാരണം. മുമ്പ് ആനപ്രതിരോധ കിടങ്ങുകൾ നിർമിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത്തരം പ്രവൃത്തികൾ എവിടെയും നടക്കുന്നില്ല. ഇതിനുപുറമെ തകർന്നടിഞ്ഞ കിടങ്ങുകൾ അറ്റകുറ്റപ്പണി നടത്താനും ശ്രദ്ധിക്കുന്നില്ല. ഫെൻസിങ് പലയിടത്തും സമീപകാലത്ത് തൂക്കുവേലിയായാണ് വനംവകുപ്പ് വനാതിർത്തികളിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇതും പലയിടത്തും ഫലവത്തല്ല. കബനീതീരത്ത് പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെ ഇത്തരത്തിൽ തൂക്കുവേലി നിർമിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ആന ഇത് തകർത്ത് കൃഷിയിടങ്ങളിലേക്ക് കയറി നാശം വരുത്തിയിട്ടുണ്ട്. ബാറ്ററി ചാർജില്ലാത്തതും ഫെൻസിങ് കമ്പി പൊട്ടിക്കിടക്കുന്നതുമെല്ലാം നിത്യസംഭവമാണ്.
വനാതിർത്തി പ്രദേശങ്ങളിലെ കർഷകർക്ക് കൃഷി നടത്താൻ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പലരും വന്യജീവി ശല്യം രൂക്ഷമായതിനാൽ പാടങ്ങൾ തരിശ്ശായി ഇട്ടിരിക്കുകയാണ്. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരവും ലഭിക്കുന്നില്ല. കാട്ടാനക്കുപുറമെ മാൻ, കാട്ടുപന്നി, മയിൽ തുടങ്ങിയവയും കൃഷിയിടങ്ങളിലിറങ്ങി വൻ നാശം വിതക്കുന്നുണ്ട്. പാടശേഖരങ്ങളിൽ നെൽകൃഷിയുടെ തിരക്കിലാണ് കർഷകർ. തുടക്കം മുതൽ കാട്ടാനകളും മറ്റും കൃഷിയിടങ്ങളിൽ എത്തുന്നത് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കാവൽപുരകളും മറ്റും കെട്ടി ഉയർത്തിയാണ് പലരും കൃഷി സംരക്ഷിക്കുന്നത്. പലയിടത്തും ഇത്തരം കാവൽപുരകളും ആന തകർക്കുകയാണ്. പടക്കം പൊട്ടിച്ചും കൂക്കിവിളിച്ചുമെല്ലാം ആനയെ ഓടിക്കാനുള്ള ശ്രമങ്ങളും ഫലം കാണുന്നില്ല. നെല്ല് വിളവെടുക്കും വരെ ഇനിയുള്ള നാളുകൾ കർഷകർക്ക് വെല്ലുവിളിയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.