ചേരമ്പാടി: ചേരമ്പാടി ടൗണിലെ ഷംസുദ്ദീന്റെ പച്ചക്കറിക്കട കാട്ടാന നശിപ്പിച്ച സാഹചര്യത്തിൽ വ്യാപാരിക്ക് നഷ്ടപരിഹാരം അനുവദിക്കുക, കാട്ടാനയുടെ വരവ് തടയാൻ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചേരമ്പാടിയിൽ വ്യാപാരികൾ കടകൾ അടച്ചു പ്രതിഷേധ പ്രകടനം നടത്തി.
ബുധനാഴ്ച രാത്രി കടയടച്ച് ഷംസുദ്ദീൻ വീട്ടിലേക്ക് പോയ ശേഷം അർധരാത്രി 12 മണിയോടെ ബസാർ ഭാഗത്തെത്തിയ ഒറ്റയാൻ പച്ചക്കറിക്കടയുടെ മുൻവശത്തെ ഷട്ടർ തകർത്ത് പച്ചക്കറികളും സാധനങ്ങളും നശിപ്പിച്ചു. കനത്ത നഷ്ടമാണ് വ്യാപാരിക്കുണ്ടായിട്ടുള്ളത്.
2021ൽ ഇതേ പ്രദേശത്തെ പച്ചക്കറിക്കട ആന തകർത്തപ്പോഴും വനംവകുപ്പ് ആശ്വാസം നൽകിയില്ല. കാട്ടാന ശല്യത്തിന് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധ പ്രകടനം നടത്തിയത്. തഹസിൽദാർ കൃഷ്ണമൂർത്തി, ഡിവൈ.എസ്.പി സെന്തിൽകുമാർ, റേഞ്ചർ അയനാർ തുടങ്ങിയവർ എത്തി വ്യാപാരികളുമായി ചർച്ച നടത്തി.
2021ൽ ആനയുടെ ആക്രമണത്തിൽ കടക്ക് കേടുപാടുകൾ സംഭവിച്ചയാൾക്ക് പണം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് ഉടൻ പരിഹാരം കാണും.
ഷംസുദ്ദീന് ഒരാഴ്ചക്കകം അർഹമായ നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ, ആനയുടെ ആക്രമണത്തിൽ കടക്ക് കേടുപാട് സംഭവിച്ച സാഹചര്യത്തിൽ ഒരു ലക്ഷം നഷ്ടപരിഹാരം നൽകണം.
15 ദിവസത്തിനകം ഇക്കാര്യത്തിൽ പരിഹാരം കാണണം, കൊമ്പനെ പിടികൂടണം ഇല്ലെങ്കിൽ താലൂക്ക് തലത്തിൽ സമരം നടത്തുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകി. ചേരങ്കോട് പഞ്ചായത്ത് ചെയർമാൻ ലില്ലി ഏലിയാസ്, വൈസ് ചെയർമാൻ ചന്ദ്രബോസ്, വ്യാപാരി സംഘം ഭാരവാഹികളായ അലിയാർ, മനോജ്കുമാർ, രവി, തമിഴ്ചെൽവം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.