അമ്പലവയൽ: പൊൻമുടിക്കോട്ട പ്രദേശത്തെ രണ്ടുമാസത്തിലധികമായി ഭീതിയിലാഴ്ത്തിയ കടുവകളെയും പുലികളെയും പിടികൂടുന്നതിൽ വനംവകുപ്പ് തുടരുന്ന അനാസ്ഥക്കെതിരെ പൊൻമുടിക്കോട്ട കർമ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടന്ന റോഡ് ഉപരോധ സമരത്തിൽ പ്രതിഷേധം അലയടിച്ചു.
വളർത്തുമൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്ന കടുവകളെ ഉൾപ്പെടെ അടിയന്തരമായി പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ഭീതിയകറ്റാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് കൊളഗപ്പാറ-അമ്പലവയൽ റോഡിൽ ആയിരംകൊല്ലിയിൽ ഒരു മണിക്കൂറോളം നീണ്ട ഉപരോധ സമരത്തിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കാളികളായി.
കർമസമിതിയുടെ നേതൃത്വത്തിൽ പൊൻമുടികോട്ട കുപ്പക്കൊല്ലിയിൽനിന്ന് രാവിലെ പത്തോടെ പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യവും വിളിച്ച് നൂറുകണക്കിനുപേർ ആയിരംകൊല്ലിയിലേക്ക് പ്രകടനം നടത്തി. തുടർന്ന് 10.10ഓടെ എടക്കൽ ഗുഹ, പൊൻമുടിക്കോട്ട ഭാഗങ്ങളിലേക്കുള്ള റോഡിന് സമീപത്തായുള്ള കൊളഗപ്പാറ- അമ്പലവയൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധമാരംഭിച്ചു.
നാടുകാക്കാത്ത നീതിയോട് വാഗ്ദാനമല്ല വേണ്ടത് സുരക്ഷയാണ്, കാടും നാടും വേർതിരിക്കാൻ എത്ര ജീവനുകൾ നൽകണം, മനുഷ്യനും ജീവിക്കണം, നാട്ടിൽ വേണ്ട കാട്ടുനീതി, വന്യമൃഗങ്ങളിൽനിന്ന് നാടിനെ സംരക്ഷിക്കുക, മനുഷ്യ ജീവനേക്കാൾ വില വന്യമൃഗങ്ങൾക്കോ, ഇനിയും എത്രനാൾ ഭയന്ന് വിറച്ച് തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തിയും സുരക്ഷയാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുമുള്ള റോഡ് ഉപരോധ സമരം നിസംഗത തുടരുന്ന അധികൃതർക്കുള്ള താക്കീതായി മാറി.
ഒരു മണിക്കൂറോളം നീണ്ട റോഡ് ഉപരോധ സമരത്തിനും പൊതുയോഗത്തിനുശേഷം അമ്പലവയൽ ടൗണിലേക്ക് പ്രകടനം നടത്തിയശേഷമാണ് ആദ്യഘട്ട പ്രതിഷേധ സമരം കർമ സമിതി അവസാനിപ്പിച്ചത്. 11.10ഓടെയാണ് അമ്പലവയലിലേക്ക് പ്രകടനം ആരംഭിച്ചത്.
വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമായിരുന്നെങ്കിലും ആദ്യമായാണ് പ്രദേശത്തെ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. ഇതിന് മുന്നോടിയായി ദിവസങ്ങൾക്ക് മുമ്പ് സമര പ്രഖ്യാപന കൺവെൻഷനും നടന്നിരുന്നു. റോഡ് ഉപരോധ സമരത്തെതുടർന്ന് വലിയരീതിയിൽ പൊലീസ് സന്നാഹവും പ്രദേശത്തുണ്ടായിരുന്നു.
ജീവിക്കാനുള്ള അവകാശത്തിനായി വന്യമൃഗങ്ങളെ അടിയന്തരമായി പിടികൂടിയില്ലെങ്കിൽ ഡി.എഫ്.ഒ ഓഫിസ് മാർച്ച്, ദേശീയപാത ഉപരോധം എന്നിവ ഉൾപ്പെടെയുള്ള ശക്തമായ തുടർ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കർമസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
കടുവയെയും പുലിയെയും അടിയന്തരമായി പിടികൂടണം, പ്രദേശത്ത് അടിയന്തരമായി ആറു കൂടുകൾ സ്ഥാപിക്കണം, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം, കടുവയെ മയക്കുവെടിവെച്ച് പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ റോഡ് ഉപരോധ സമരത്തിൽ ഉന്നയിച്ചു.
കഴിഞ്ഞ വർഷം നവംബർ 17നാണ് പൊൻമുടിക്കോട്ട പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പെൺകടുവ കൂട്ടിലാകുന്നത്. അന്ന് പെൺകടുവ കൂട്ടിലായെങ്കിലും പൊൻമുടിക്കോട്ട കേന്ദ്രീകരിച്ച് മൂന്നു കടുവകളും രണ്ടു പുലികളും ഇപ്പോഴും കൂടുതൽ ഭീതി പരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കടുവയെ ഉൾപ്പെടെ പിടികൂടുന്നതിനായി വനംവകുപ്പ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് ആരോപണം. റോഡ് ഉപരോധ സമരം ജില്ല പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്മാന് ഇ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.