ബാലുശ്ശേരി: രോഗിയായ ഭർത്താവ് കിടക്കുന്ന മുറിയിൽ തീയ്യിട്ട ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ബാലുശ്ശേരി തുരുത്ത്യാട് കാഞ്ഞിക്കാവിൽ പോണോയിൽ അബ്ദുല്ലയുടെ ഭാര്യ സാബിറയാണ് വീട്ടിനുള്ളിൽ തീയിട്ട ശേഷം തൊട്ടടുത്ത സഹോദരെൻറ വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
കിണറ്റിൽ വീണ സാബിറയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. അബ്ദുല്ലയുടെ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ വീട്ടിനുള്ളിൽനിന്നും തീയും പുകയും ഉയരുന്നതാണ് കണ്ടത്.
പുറത്തുനിന്നും അടച്ച വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് കടന്നെങ്കിലും പുകനിറഞ്ഞതിനാൽ മുറിയിലേക്ക് കടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. പക്ഷാഘാതം മൂലം ഒരു ഭാഗം തളർന്ന അബ്ദുള്ളക്ക് സംസാരിക്കാനും കഴിഞ്ഞിരുന്നില്ല. അബ്ദുള്ള കിടന്ന എ.സി മുറിയിലാകെ പുക നിറഞ്ഞ്, കട്ടിലും കിടക്കക്കും തീയും പിടിച്ചിരുന്നു. ശ്വാസതടസ്സം മൂലം അവശനായ അബ്ദുല്ലയെയും രക്ഷിക്കാനെത്തിയ സഹോദരി ആമിനയെയും നാട്ടുകാർ പുറത്തെടുത്ത് മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
പേരാമ്പ്രയിൽനിന്നും നരിക്കുനിയിൽനിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. സാബിറയെയും കരക്കെത്തിച്ച് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ എത്തിച്ചു. അബ്ദുള്ളയും സാബിറയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.
സാബിറക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.