റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ ഐത്തല വായനശാല പടിക്കു സമീപം പുലിയെന്നു തോന്നിപ്പിക്കുന്ന മൃഗത്തെ കണ്ടുവെന്ന് നാട്ടുകാർ. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ബൈക്കിൽ സഞ്ചരിച്ച പ്രദേശവാസിയായ തുണ്ടിയിൽ ബിജുവാണ് പുലിയെ പോലെ ആകൃതിയും നിറവുമുള്ള മൃഗത്തെ കണ്ടതായി അറിയിച്ചത്.
ബൈക്കിൽ വരുന്ന വഴി ശബ്ദം കേട്ട് പതുങ്ങി നിന്ന മൃഗം വീടിന്‍റെ ഗെയിറ്റിനടി വഴി ഓടി കയറാൻ ശ്രമിച്ചു. പിന്നീട് ആൾക്കൂട്ടത്തിന്‍റെ സമീപത്തു കൂടി അതിവേഗത്തിൽ ഓടി രക്ഷപ്പെട്ടു. പുലിക്കുട്ടിയുടെ വലിപ്പമുണ്ടെന്ന് ബൈക്ക് യാത്രികൻ പറഞ്ഞു. മഞ്ഞ നിറത്തിലുള്ള ശരീരത്തിൽ പുലിയുടേതു പോലെ പുള്ളിയും കണ്ടു. രാത്രിയിൽ ജീവിയെ കണ്ടതു മുതൽ നാട്ടുകാർ പരിഭ്രാന്തിയിലായി.
തിങ്കളാഴ്ചയും മൃഗത്തെ കണ്ടതായി നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലക്ക് സമീപം കുറ്റിക്കാടുമുണ്ട്. അതേസമയം, പുലിക്ക് സമാനമായ വള്ളിപൂച്ചയായിരിക്കാമെന്ന് റാന്നി ഫോറസ്റ്റ് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. പുലി ജനവാസ മേഖലയിൽ അധികസമയം നിൽക്കില്ലെന്നും കുട്ടിയാണെങ്കിൽ തള്ള മൃഗത്തെ വിട്ട് മാറി നിൽക്കുക അപൂർവമാണെന്നും പറഞ്ഞു. എന്നിരുന്നാലും അന്വേഷണമുണ്ടാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഇത്തരത്തിൽ നാടിനെ വിറപ്പിച്ച വള്ളിപൂച്ചയെ നേരത്തെയും റാന്നിക്ക് സമീപത്ത് നിന്ന് പിടിച്ചിട്ടുണ്ട്. എതായലും സ്ഥലവാസികൾ ജാഗ്രതയിലാണ്. സന്ധ്യ കഴിഞ്ഞാൽ നാട്ടുകാർ പുറത്തിറങ്ങാതെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.