ഷൊർണൂർ: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേരള എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ്.
'തൊട്ടുമുൻപുള്ള വളവ് തിരിഞ്ഞ ഉടനെയാണ് റെയിൽവേ പാലത്തിൽ ആളുകളെ കണ്ടത്. നിരവധി തവണ ഹോൺ മുഴക്കി, എമർജൻസി ഹോണും മുഴക്കി. എന്നാൽ, അവർ വളരെ അടുത്തായിരുന്നു. അവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.'- ലോക്കോ പൈലറ്റ് പറഞ്ഞു.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് ഷൊർണൂർ പാലത്തിൽ വെച്ചാണ് ശുചീകരണ തൊഴിലാളികളെ ഇടിച്ച് തെറിപ്പിച്ചത്. തമിഴ്നാട് സ്വദേശികളായ ലക്ഷ്മൺ, വള്ളി, റാണി, ലക്ഷ്മൺ എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. ട്രെയിനിടിച്ച് പുഴയിൽ വീണയാളെ ഇതുവരെ കണ്ടെത്താനായില്ല.
സംഭവത്തിൽ പ്രതികരണവുമായി റെയിൽവേയും രംഗത്തെത്തി. ട്രെയിൻ തട്ടിയുണ്ടായ അപകടം ദൗർഭാഗ്യകരമാണ് എന്നായിരുന്നു റെയിൽവേ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നത്. രണ്ടുപേരെയാണ് ട്രാക്കിൽ കണ്ടെതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം. പൊലീസും അർ.പി.എഫും നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴയിൽ വീണ ഒരാൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നും റെയിൽവേ വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.