കൊല്ലം: ലോക്സഭയിലേക്ക് ജനവിധി തേടുന്നവരിൽ നിയമസഭയിലും ലോക്സഭയിലും രാജ്യസഭയിലും അംഗങ്ങളായിരുന്നവർ മൂന്നുപേർ. അതിൽ രണ്ടുപേർ തദ്ദേശ സ്ഥാപനങ്ങളിലും അംഗങ്ങളായിട്ടുണ്ടെന്ന പ്രത്യേകത വേറെ. ഇവരെല്ലാം യു.ഡി.എഫ് സ്ഥാനാർഥികളാണ്. കൊല്ലം മണ്ഡലത്തിലെ എൻ.കെ. പ്രേമചന്ദ്രൻ, ആലപ്പുഴയിലെ കെ.സി. വേണുഗോപാൽ, മലപ്പുറത്തെ അബ്ദുസ്സമദ് സമദാനി എന്നിവരാണ് മൂന്ന് സഭകളിലും അംഗങ്ങളായവർ. പ്രേമചന്ദ്രനും അബ്ദുസ്സമദ് സമദാനിയും കുറച്ചുകാലം തദ്ദേശ സ്ഥാപനങ്ങളിലും അംഗമായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ 1996ലും ’98ലും 2014ലും 2019ലും ലോക്സഭയിലേക്ക് വിജയിച്ചു. 2000ൽ രാജ്യസഭാംഗമായി. 2006ൽ ചവറയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇടത് മന്ത്രിസഭയിൽ ജലവിഭവ മന്ത്രിയായി. 90കളിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗമായും കൊല്ലം ജില്ല പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു. മുന്നണികൾ മാറിയെങ്കിലും അദ്ദേഹം എപ്പോഴും ആർ.എസ്.പി പ്രതിനിധിയായിരുന്നു.
കോൺഗ്രസിന്റെ കെ.സി. വേണുഗോപാൽ 1996ൽ ആലപ്പുഴയിൽ നിന്ന് എം.എൽ.എയായി. 2001ലും 2006ലും വിജയം ആവർത്തിച്ചു. യു.ഡി.എഫ് മന്ത്രിസഭയിൽ ടൂറിസം മന്ത്രിയുമായി. 2009ൽ ആലപ്പുഴയിൽനിന്ന് ലോക്സഭയിലേക്ക് വിജയം. 2014ൽ വിജയം ആവർത്തിച്ചു. കേന്ദ്ര സഹമന്ത്രിയായി. 2019ൽ രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ കാലാവധി രണ്ടു വർഷം കൂടി ശേഷിക്കുന്നുണ്ട്.
മുസ്ലിം ലീഗിന്റെ അബ്ദുസ്സമദ് സമദാനി 1994 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്നു. 2011ൽ നിയമസഭയിലേക്ക് വിജയിച്ചു. 2021ൽ ലോക്സഭാംഗമായി. നേരത്തെ മലപ്പുറം ജില്ല കൗൺസിൽ അംഗമായിരുന്നു.
സംസ്ഥാനത്തുനിന്ന് ഇതിനു മുമ്പ് മൂന്ന് സഭകളിലും അംഗമായിരുന്നവർ ഒമ്പത് പേരാണ്. കെ. കരുണാകരൻ, ഇ.കെ. ഇമ്പിച്ചിബാവ, എം.എൻ. ഗോവിന്ദൻ നായർ, വി. വിശ്വനാഥമേനോൻ, വി.വി. രാഘവൻ, ഇ. ബാലാനന്ദൻ, വയലാർ രവി, എം.പി. വീരേന്ദ്രകുമാർ, തലേക്കുന്നിൽ ബഷീർ എന്നിവരാണത്. ഇവരിൽ വയലാർ രവി, കെ. കരുണാകരൻ, എം.പി വീരേന്ദ്രകുമാർ എന്നിവർ കേന്ദ്രത്തിലും കേരളത്തിലും മന്ത്രിമാരായി. രാജ്യസഭാംഗമായിരിക്കെ, ലോക്സഭയിലേക്ക് മത്സരിച്ച് തോറ്റയാളാണ് കെ. കരുണാകരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.