മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്സഭ ഉപതെരെഞ്ഞടുപ്പും പ്രഖ്യാപിച്ചതോടെ ജില്ലയിൽ പ്രചാരണം കൊഴുക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ചതോടെയാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് മലപ്പുറത്ത് മാത്രമാണ് ലോക്സഭയിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ നാല് വർഷത്തിനിെട മലപ്പുറം പാർലെമൻറ് മണ്ഡലത്തിലേക്ക് നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണെന്ന പ്രത്യേകതയുമുണ്ട്. മുൻ അംഗം ഇ. അഹമ്മദ് മരിച്ചതിനെ തുടർന്ന് 2017 ഏപ്രിലിലെ ഉപതെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടി എം.എൽ.എ സ്ഥാനം രാജിവെച്ച് മത്സരിച്ചത്.
2019ൽ നടന്ന പൊതുതെരഞ്ഞെടുപ്പിലും അദ്ദേഹമായിരുന്നു മലപ്പുറത്തുനിന്ന് വിജയിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ എം.പി സ്ഥാനം രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി എം.പി. അബ്ദുസ്സമദ് സമദാനി, എൻ. ഷംസുദ്ദീൻ, കെ.എൻ.എ. ഖാദർ എന്നിവരാണ് പരിഗണനയിലുള്ളത്. എൽ.ഡി.എഫിൽ സ്ഥാനാർഥി ചർച്ചകൾ പുരോഗമിക്കുകയാണ്.
മലപ്പുറം പാർലമെൻറ് മണ്ഡലത്തിെൻറ പരിധിയിൽ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. മലപ്പുറം, കൊണ്ടോട്ടി, വള്ളിക്കുന്ന്, വേങ്ങര, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിലുള്ളത്.
ഇവിടെയുള്ള വോട്ടർമാർക്ക് രണ്ട് വോട്ടിനുള്ള അവസരമുണ്ടാകും. ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലും കുഞ്ഞാലിക്കുട്ടിക്ക് മികച്ച ലീഡായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഏഴ് ഇടങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾക്കായിരുന്നു വിജയം.
ഏഴ് സീറ്റിലും മുസ്ലിം ലീഗാണ് മത്സരിക്കുക. അതേസമയം, ഒടുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കമുണ്ട്.
2019ലെ വോട്ടിങ് നില
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) 5,89,873
വി.പി. സാനു (സി.പി.എം) 3,29,720
വി. ഉണ്ണികൃഷ്ണൻ (ബി.ജെ.പി) 82,332
അബ്ദുൽ മജീദ് ഫൈസി (എസ്.ഡി.പി.ഐ) 19,106
നോട്ട 4,480
നിസാർ മേത്തർ (പി.ഡി.പി) 3,687
ഭൂരിപക്ഷം 2,60,153
2017ലെ ഉപതെരഞ്ഞെടുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) 5,15,330
എം.ബി. ഫൈസൽ (സി.പി.എം) 3,44,307
എൻ. ശ്രീപ്രകാശ് (ബി.ജെ.പി) 65,675
ഭൂരിപക്ഷം 1,71,023
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.