കോഴിക്കോട് മണ്ഡലത്തിൽ നാലാം തവണ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവന്‍റെ ജൈത്രയാത്രക്ക് തടയിടാൻ എൽ.ഡി.എഫ് രംഗത്തിറക്കിയ എളമരം കരീമിന് സാധിക്കുമോ? ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറും കൈവശമുള്ള എൽ.ഡി.എഫിന്‍റെ വോട്ടുകണക്കല്ല ലോക്സഭയിലേക്ക് വരുമ്പോൾ ഉണ്ടാകുന്നതെന്ന യാഥാർഥ്യത്തിലാണ് യു.ഡി.എഫിന്‍റെ ആത്മവിശ്വാസം. അതേസമയം, ഗതിനിർണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന 36 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകളിൽ ഇളക്കമുണ്ടാകുമെന്നും അത് എളമരം കരീമിന് അനുകൂലമാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ന്യൂനപക്ഷ വോട്ടുകൾ ലാക്കാക്കിയ തന്ത്രങ്ങൾ ആവിഷ്കരിച്ചായിരുന്നു കരീമിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനം. പാർട്ടി കേഡറുകളുടെ ചിട്ടയായ പ്രവർത്തനങ്ങളും പ്രഫഷനൽ നെറ്റ്വർക്കും എളമരം കരീമിന്‍റെ പ്രചാരണ പ്രവർത്തനങ്ങളിൽ ദൃശ്യമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയുമടക്കമുള്ള സംസ്ഥാന, ദേശീയ നേതാക്കളുടെ നിരതന്നെ പ്രചാരണത്തിന് എത്തിയിരുന്നു.
എം.കെ. രാഘവനാകട്ടെ, ന്യൂനപക്ഷ വോട്ടുകൾ തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിൽ വികസനം മുൻനിർത്തിയുള്ള പ്രചാരണ തന്ത്രമാണ് ആവിഷ്കരിച്ചത്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ യു.ഡി.എഫിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുത്ത കൂറ്റൻ റാലിയായിരുന്നു പ്രചാരണത്തിലെ പ്രധാന ആകർഷണം. കഴിഞ്ഞ തവണയുണ്ടായ തരംഗത്തിൽ 85,225 വോട്ടിന്‍റെ ഭൂരിപക്ഷം രാഘവന് ഇത്തവണ ഉണ്ടാക്കാനാകില്ലെങ്കിലും മണ്ഡലത്തിന്‍റെ പൊതുമനസ്സ് വിലയിരുത്തുമ്പോൾ ഇത്തവണയും രാഘവന് തന്നെയാണ് മുൻതൂക്കം. എൽ.ഡി.എഫിന്‍റെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രചാരണം പ്രസ്തുത വിഭാഗങ്ങളിൽ പ്രകടനമായ സ്വാധീനമുണ്ടാക്കാനായിട്ടില്ല. സമസ്തയും മുജാഹിദ് വിഭാഗങ്ങളും പരസ്യ നിലപാട് പ്രഖ്യാപിക്കാറില്ലെങ്കിലും കഴിഞ്ഞ തവണത്തെപ്പോലെ യു.ഡി.എഫിനൊപ്പം തന്നെയാകും.
അതേസമയം, കാന്തപുരം വിഭാഗത്തിന്‍റെ വോട്ടുകൾ എൽ.ഡി.എഫിനാണെന്ന പരോക്ഷ സൂചനകൾ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തുന്ന പ്രവർത്തകരുടേത് രാഘവന് തന്നെയാകും വീഴുക. മണ്ഡലത്തിൽ 20,000ത്തോളം വോട്ടുകളുണ്ടെന്ന് അവകാശപ്പെടുന്ന വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ അതും മുതൽക്കൂട്ടാകും. മുസ്ലിം ലീഗിന്‍റെ ശക്തമായ പിന്തുണയും പാർട്ടിക്കകത്തും പുറത്തുമുള്ള പരമ്പരാഗത ഹിന്ദു സമുദായ വോട്ടുകൾ കൂടി ലഭിക്കുന്നതോടെ രാഘവന് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടൽ. ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടി എം.ടി. രമേശാണ് എൻ.ഡി.എ സ്ഥാനാർഥിയെങ്കിലും മണ്ഡലത്തിൽ അതിന്‍റെ ഓളം സൃഷ്ടിക്കാൻ ബി.ജെ.പിക്കായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.