അവസാന ലാപ്പിൽ അടിയൊഴുക്കും സാമുദായികവോട്ടും നിർണായകമാകുന്ന തിരുവനന്തപുരത്ത് വിയർത്തും വെള്ളം കുടിച്ചും നേരിയ പച്ചപ്പിൽ യു.ഡി.എഫ്. ശശി തരൂരിനെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങൾ നിരവധിയാണെങ്കിലും മണ്ഡലത്തിൽ അവസാന ഘട്ടത്തിൽ ഉരുത്തിരിഞ്ഞ രാഷ്ട്രീയസാഹചര്യമാണ് ഇത്തരമൊരു നേരിയ ആനുകൂല്യത്തിന് വഴിയൊരുക്കുന്നത്.
ഭരണവിരുദ്ധവികാരവും മണിപ്പൂരടക്കം വിഷയങ്ങളും ലത്തീൻ അതിരൂപതയുടെ നിലപാടും സമുദായ സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളും വോട്ടൊഴുക്കിനെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളായി മാറുകയാണ്. സിറ്റിങ് എം.പി എന്ന നിലയിൽ തരൂരിനെതിരെ നാലു ഭാഗത്തുനിന്നും ചോദ്യങ്ങളുയരുമ്പോഴും ‘തന്റേതല്ലാത്ത കാരണങ്ങൾ’ കൂടി മണ്ഡലക്കാറ്റ് വലതുചേരുന്നതിന് ഇടമൊരുക്കുന്നുണ്ട്.
നായർ, നാടാർ, ലത്തീൻ, മുസ്ലിം വോട്ടുകളാണ് മണ്ഡലത്തിന്‍റെ നിർണായക സമുദായസാന്നിധ്യങ്ങൾ. 2019ലേതുപോലെ അടിയുറച്ച രാഷ്ട്രീയവോട്ടുകൾക്ക് പുറമേയുള്ള നായർ വോട്ടുകൾ യു.ഡി.എഫിനും ബി.ജെ.പിക്കുമിടയിൽ വീതം വെക്കാനാണ് സാധ്യത. നാടാർ വോട്ടുകൾ നല്ലൊരു വിഹിതം തരൂർ പ്രതീക്ഷിക്കുന്നുണ്ട്. ഇതേ വോട്ടുകളിൽ ബി.ജെ.പിയും കണ്ണുവെച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ ശക്തമായി പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ലത്തീൻ അതിരൂപത രംഗത്തുവന്നിരുന്നു. വിഴിഞ്ഞം സമരം തീർത്ത മുറിവ് ഉണങ്ങിയിട്ടില്ലെങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യം മുൻനിർത്തിയുള്ള രാഷ്ട്രീയ തീരുമാനം തങ്ങളെ തുണക്കുമെന്ന് കോൺഗ്രസ് കരുതുന്നു. കേന്ദ്രത്തിലെ ഭരണത്തെ നിർണയിക്കുന്ന തെരഞ്ഞെടുപ്പായതിനാൽ ഇക്കാര്യത്തിലൂന്നിയാകും കഴിഞ്ഞവട്ടത്തെപ്പോലെ മുസ്ലിം വോട്ടിന്റെയും കേന്ദ്രീകരണം. അതേസമയം, സഭ എതിർ നിലപാട് സ്വീകരിക്കുമ്പോഴും തീരദേശത്തെയടക്കം വോട്ടുസ്വന്തമാക്കുന്നതിന് ബി.ജെ.പി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഇതിൽ കാര്യമായ ഗുണം കിട്ടുമെന്നാണ് അവരുടെ പ്രതീക്ഷ. കാലാകാലങ്ങളിൽ തരൂരിനെ പിന്തുണക്കുന്നതാണ് തീരദേശ വോട്ടുബാങ്ക്.
കഴിഞ്ഞവട്ടം ബി.ജെ.പി അണികൾക്ക് ഏറെ വൈകാരിക ബന്ധമുള്ള കുമ്മനം രാജശേഖരനായിരുന്നു മത്സരിച്ചത്. എന്നാൽ, തരൂരിനെ പോലൊരാളെ എതിരിടാൻ മാത്രമുള്ള ശേഷിയുണ്ടായിരുന്നില്ല. ഇക്കുറി തരൂരിനെ നേരിടാൻ പ്രാപ്തനായ സ്ഥാനാർഥിയെ കണ്ടെത്തിയെങ്കിലും അണികൾക്ക് കുമ്മനത്തോളം വൈകാരിക ബന്ധമുണ്ടോ എന്നത് സംശയം. ഇതിനെല്ലാം പുറമേ, 15 ശതമാനത്തോളം ഫ്ലോട്ടിങ് വോട്ട് മണ്ഡലത്തിലുണ്ട്. ഇതിൽ ഭൂരിഭാഗവും സെക്കുലർ വോട്ടുകളാണ്. മുൻകാലങ്ങളിലെല്ലാം വിജയസാധ്യതയുള്ള ചേരിക്കാണ് ഈ വോട്ടുലഭിച്ചിരുന്നത്. ഒരു മാസത്തിലേറെ നീണ്ട പ്രചാരണത്തിൽ ആളും സാന്നിധ്യവും അടിസ്ഥാന ജനവിഭാഗങ്ങളുടെ പങ്കാളിത്തവും ജനകീയതയുംകൊണ്ട് മുന്നിലുണ്ടായിരുന്നത് പന്ന്യൻ രവീന്ദ്രനായിരുന്നു. അതേസമയം, മത്സരം അവസാന ലാപ്പിലേക്ക് കടന്നതോടെ മത്സരം യു.ഡി.എഫും ബി.ജെ.പിയും എന്നനിലയിലേക്ക് ചിത്രം മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.