വോട്ടെണ്ണൽ രാവിലെ എട്ടിന് തുടങ്ങും; ഒരുക്കം പൂർണം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.

കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാർഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനം. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിങ് ഓഫിസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിയില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല.

ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാന്‍ ഓരോ ഹാള്‍ ഉണ്ടാകും. ഒരോ ഹാളിലും പരമാവധി 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. കൗണ്ടിങ് അസിസ്റ്റന്റ്, നിരീക്ഷകൻ എന്നിവരും ഉണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് നിരീക്ഷകരുടെ ചുമതല.

മൂന്ന് ഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. വോട്ടെണ്ണല്‍ ദിനം പുലര്‍ച്ച അഞ്ചിന് നടക്കുന്ന മൂന്നാംഘട്ട റാന്‍ഡമൈസേഷനിലാണ് വോട്ടെണ്ണല്‍ മേശയുടെ വിശദാംശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുക.

കേരളത്തിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജ്- തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍

തങ്കശ്ശേരി സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്- കൊല്ലം മണ്ഡലം

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം പത്തനംതിട്ട- മണ്ഡലം

മാവേലിക്കര ബിഷപ് മൂര്‍ കോളജ്- മാവേലിക്കര മണ്ഡലം

ആലപ്പുഴ സെന്റ് ജോസഫ് കോളജ്, സെന്റ് ജോസഫ് എച്ച്.എസ്.എസ്- ആലപ്പുഴ മണ്ഡലം

ഗവ. കോളജ് നാട്ടകം -കോട്ടയം മണ്ഡലം

പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍- ഇടുക്കി മണ്ഡലം

കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്.എസ്.എസ്- എറണാകുളം മണ്ഡലം

ആലുവ യു.സി കോളജ്- ചാലക്കുടി മണ്ഡലം

തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ്- തൃശൂര്‍ മണ്ഡലം

പാലക്കാട് ഗവ. വിക്ടോറിയ കോളജ്- ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങള്‍

തെക്കുമുറി എസ്.എസ്.എം പോളിടെക്നിക്- പൊന്നാനി മണ്ഡലം

ഗവ. കോളജ് മുണ്ടുപറമ്പ്- മലപ്പുറം മണ്ഡലം

വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്സ്- കോഴിക്കോട്, വടകര മണ്ഡലങ്ങള്‍

മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജ്- വയനാട് മണ്ഡലം

കൊരങ്ങാട് അല്‍ഫോണ്‍സ് സീനിയര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍- വയനാട് മണ്ഡലം

ചുങ്കത്തറ മാര്‍ത്തോമ കോളജ്- വയനാട് മണ്ഡലം

ചുങ്കത്തറ മാര്‍ത്തോമ എച്ച്.എസ്.എസ്- വയനാട് മണ്ഡലം

ചാല ഗോവിന്ദഗിരി ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി- കണ്ണൂര്‍ മണ്ഡലം

പെരിയ കേരള സെന്‍ട്രല്‍ യൂനിവേഴ്സിറ്റി- കാസര്‍കോട് മണ്ഡലം.

Tags:    
News Summary - Lok sabha elections 2024: Counting of votes to begin at 8 a.m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.