തൃശൂർ: അപ്രതീക്ഷിത നീക്കങ്ങളോ വമ്പൻ ട്വിസ്റ്റുകളോ ഇല്ലെങ്കിലും ചാലക്കുടിയിൽ ഇക്കുറി മത്സരത്തിന് ചൂടേറുകയാണ്. 2008ൽ നിലവിൽ വന്ന മണ്ഡലത്തിൽ നാലാം പോരാട്ടത്തിന്റെ ചിത്രം തെളിയുമ്പോൾ ചില പുതുമകൾ ഇവിടെയുമുണ്ട്. ഇതിൽ പ്രധാനം കഴിഞ്ഞ മൂന്നു തവണ എൻ.ഡി.എക്കായി മത്സരിച്ച ബി.ജെ.പിക്ക് പകരം ഘടക കക്ഷിയായ ബി.ഡി.ജെ.എസ് രംഗത്തിറങ്ങുന്നുവെന്നതാണ്. ഇതിനൊപ്പം ട്വന്റി 20യും രംഗത്തുണ്ട്. ഇവർ സംസ്ഥാനത്ത് മത്സരിക്കുന്ന രണ്ട് സീറ്റുകളിൽ ഒന്നാണിത്.
നാലാം അങ്കത്തിനൊരുങ്ങുന്ന മണ്ഡലത്തിൽ നിലവിലെ സ്കോർ 2-1 എന്ന നിലയിലാണ്. കോൺഗ്രസിന് (യു.ഡി.എഫ്) രണ്ട് വിജയവും ഇടതിന് ഒന്നും. സ്കോർ നിലയിൽ തുല്യതയിലെത്തണമെന്ന നിശ്ചയദാർഢ്യത്തിലാണ് എൽ.ഡി.എഫ് അതിവേഗം മികച്ച സ്ഥാനാർഥിയുമായെത്തിയത്. എന്നാൽ, സിറ്റിങ് എം.പിയുമായി തങ്ങളുടെ സുരക്ഷിത മണ്ഡലമെന്ന ഉറപ്പിൽ കോൺഗ്രസ് നെഞ്ചുവിരിച്ച് നിൽക്കുമ്പോൾ എൽ.ഡി.എഫിന് സ്വപ്ന സാക്ഷാത്കാരം എളുപ്പമാകുമോയെന്ന് അറിയാൻ കാത്തിരിക്കണം. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഇതിൽ ആലുവ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി മണ്ഡലങ്ങളെ യു.ഡി.എഫും കയ്പമംഗലം, കൊടുങ്ങല്ലൂർ, കുന്നത്തുനാട് മണ്ഡലങ്ങളെ ഇടതുപക്ഷവുമാണ് പ്രതിനിധീകരിക്കുന്നത്.
യു.ഡി.എഫ് സുരക്ഷിത മണ്ഡലമായി പരിഗണിക്കുന്ന ചാലക്കുടിയിൽ ബെന്നി ബെഹനാന് അപ്പുറം മറ്റൊരു പേരിലേക്ക് സ്ഥാനാർഥി ചർച്ച ഒരിക്കലും പോയിരുന്നില്ല. 2014 ൽ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാനെത്തിയ ബെന്നി 2019ൽ മിന്നുന്ന വിജയമാണ് നേടിയത്. 1,32,274 വോട്ടുകൾക്ക് സിറ്റിങ് എം.പിയായിരുന്ന ഇന്നസെന്റിനെ പരാജയപ്പെടുത്തിയാണ് മികവാർന്ന വിജയം കോൺഗ്രസിന് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ മറ്റൊരു സ്ഥാനാർഥിയും അവകാശവാദവുമായെത്തുന്ന സാഹചര്യമുണ്ടായില്ല. സിറ്റിങ് എം.പിമാർ തന്നെ മത്സരിക്കുമെന്ന സൂചന കോൺഗ്രസ് നേതൃത്വം ആദ്യഘട്ടത്തിൽ തന്നെ നൽകിയതും കാര്യങ്ങൾ എളുപ്പമാക്കി.
വിജയത്തിൽ കുറഞ്ഞ് ഒന്നുമില്ലെന്നതാണ് പ്രഫ. സി. രവീന്ദ്രനാഥിന്റെ സ്ഥാനാർഥിത്വത്തിലൂടെ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. സെലിബ്രിറ്റികളുടെതടക്കം പല പേരുകളും ഉയർന്നുകേട്ട ശേഷമാണ് കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രനാഥിലേക്ക് സ്ഥാനാർഥിത്വം എത്തുന്നത്. മത്സര രംഗത്ത് ഇനിയില്ലെന്ന നിലപാടിലായിരുന്ന രവീന്ദ്രനാഥിനെ കളത്തിലിറക്കുവാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത് അത്ഭുതം കാണിക്കാനാകുമെന്ന വിശ്വാസമാണ്. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ആദ്യം എത്തിയതിനാൽ പ്രചാരണ രംഗത്ത് ഇദ്ദേഹത്തിന് ബഹുദൂരം മുന്നിലെത്താനായിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് രൂപം കൊണ്ട് ഒരേസമയം യു.ഡി.എഫിനോടും എൽ.ഡി.എഫിനോടും ഏറ്റുമുട്ടുന്ന ട്വന്റി 20ക്ക് ഇന്ന് നാല് പഞ്ചായത്തുകളുടെ ഭരണമുണ്ട്. ഒരു ബ്ലോക്ക് പഞ്ചായത്തും ഇവരുടെ ഭരണത്തിലാണ്. കിഴക്കമ്പലം, കോലഞ്ചേരി ജില്ല പഞ്ചായത്ത് ഡിവിഷനുകൾ ഇവർ പ്രതിനിധീകരിക്കുന്നുവെന്നത് മേഖലയിൽ ഇവരുടെ സ്വാധീനത്തിന് അടിവരയിടുന്നതാണ്. പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ചില പഞ്ചായത്തുകളിലും ഇവർക്ക് കാര്യമായ വേരോട്ടമുണ്ട്. മദ്യനിരോധന സമിതിയുടെ മുൻനിര പോരാളിയും മോട്ടിവേഷണൽ സ്പീക്കറുമായ അഡ്വ. ചാർളി പോളാണ് ട്വന്റി 20 സ്ഥാനാർഥി. ശക്തി കേന്ദ്രങ്ങൾക്കപ്പുറം വോട്ട് സമാഹരിക്കാൻ സ്ഥാനാർഥിക്കാനാകുമെന്ന ആത്മവിശ്വാസമാണ് ഇവർ പ്രകടിപ്പിക്കുന്നത്. പ്രചാരണ രംഗത്തും സ്ഥാനാർഥി സജീവമാണ്.
ബി.ഡി.ജെ.എസിന്റെ കെ.എ. ഉണ്ണികൃഷ്ണനാണ് ഏറ്റവും ഒടുവിൽ എത്തിയ സ്ഥാനാർഥി. ചാലക്കുടി സ്വദേശിയായ ഉണ്ണികൃഷ്ണൻ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. നിലവിൽ റബര്ബോര്ഡ് വൈസ് ചെയര്മാനാണ്. 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ചാലക്കുടിയിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.
പാർട്ടി മാറ്റത്തിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന പത്മജ വേണുഗോപാലിനും ബന്ധമുള്ള മണ്ഡലമാണ് ചാലക്കുടി. കെ. മുരളീധരന് പിന്നാലെ കോൺഗ്രസിലെത്തിയ പത്മജ 2004 ലെ തെരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ചിരുന്നു. എന്നാൽ, ലോനപ്പൻ നമ്പാടനോട് പരാജയം രുചിച്ചു. ഇപ്പോൾ മണ്ഡലത്തിന്റെ രൂപവും പേരും മാറി 20 കൊല്ലം കഴിയുമ്പോൾ പത്മജ ബി.ജെ.പിയിലാണ്.
തൃശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്സഭ മണ്ഡലം. 2009ലെ ആദ്യ തെരഞ്ഞെടുപ്പിൽ 71,679 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസിലെ കെ.പി. ധനപാലനായിരുന്നു ജയം. എൽ.ഡി.എഫിലെ യു.പി. ജോസഫായിരുന്നു (സി.പി.എം) മുഖ്യ എതിരാളി. ധനപാലന് 3,99,035 വോട്ടും ജോസഫിന് 3,27,356 വോട്ടും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ബി.ജെ.പിയിലെ കെ.വി. സാബുവിന് 45,367 വോട്ടാണ് ലഭിച്ചത്.
എന്നാൽ, 2014ൽ ചിത്രം മാറിമറിഞ്ഞു. സിറ്റിങ് എം.പിയായ ധനപാലൻ തൃശൂരിലേക്ക് മാറി. തൃശൂരിലെ സിറ്റിങ് എം.പി പി.സി. ചാക്കോയാണ് പകരമെത്തിയത്. തൃശൂരിൽ നില പരുങ്ങലിലായ ചാക്കോയുടെ സമ്മർദമായിരുന്നു തലമാറ്റത്തിന് കാരണം. ഇടത് സ്വതന്ത്രനായ നടൻ ഇന്നസെന്റായിരുന്നു ചാക്കോയുടെ എതിരാളിയായി എത്തിയത്. ബി. ഗോപാലകൃഷ്ണനാണ് (ബി.ജെ.പി) എൻ.ഡി.എക്കായി ഗോദയിലിറങ്ങിയത്. കോൺഗ്രസിന് ചാലക്കുടിക്ക് ഒപ്പം തൃശൂരും നഷ്ടപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇന്നസെന്റ് 13,884 വോട്ടിനാണ് ചാക്കോയെ തോൽപ്പിച്ചത്. ഇന്നസെന്റിന് 3,58,440 വോട്ടും ചാക്കോക്ക് 3,44,556 വോട്ടും ലഭിച്ചു. ഗോപാലകൃഷ്ണൻ എൻ.ഡി.എയുടെ വോട്ട് വിഹിതം 92,848 ആയി ഉയർത്തി. എന്നാൽ, 2019ൽ നടന്ന ഒടുവിലെ തെരഞ്ഞെടുപ്പിൽ ഇന്നസെന്റിൽ നിന്ന് ബെന്നി ബെഹനാൻ മണ്ഡലം തിരിച്ചുപിടിച്ചു. ബെന്നിക്ക് 4,73,444 വോട്ടും ഇന്നസെന്റിന് 3,41,170 വോട്ടുമാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ബി.ജെ.പിയിലെ എ.എൻ. രാധാകൃഷ്ണന് 1,54,159 വോട്ടും ലഭിച്ചു.
മുകുന്ദപുരം ലോക്സഭ മണ്ഡലമാണ് 2008ലെ മണ്ഡലം പുനഃസംഘടനയോടെ ചാലക്കുടിയായത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പനമ്പള്ളി ഗോവിന്ദ മേനോനായിരുന്നു വിജയം. പി.എസ്.പിയിലെ സി.ജി. ജനാർദനനെയാണ് പരാജയപ്പെടുത്തിയത്. 1962ലും 67ലും പനമ്പള്ളി വിജയം ആവർത്തിച്ചു. 1970ൽ പനമ്പള്ളിയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ.സി. ജോർജ് വിജയിച്ചു. 1971ലും 77ലും ജോർജ് വിജയം ആവർത്തിച്ചു.
1980ലാണ് ആദ്യമായി മണ്ഡലം കോൺഗ്രസിനെ കൈവിട്ടത്. സി.പി.എമ്മിലെ ഇ. ബാലാനന്ദനാണ് അന്ന് വിജയിച്ചത്. സ്വതന്ത്രനായ സി.ജി. കുമാരനായിരുന്നു മുഖ്യ എതിർ സ്ഥാനാർഥി. 1984 ൽ ഐക്യമുന്നണി സ്ഥാനാർഥിയായി മത്സരിച്ച കേരള കോൺഗ്രസ് ജെയിലെ കെ. മോഹൻദാസിനായിരുന്നു ഇവിടെ ജയം. 1989ലും 91ലും കോൺഗ്രസിലെ സാവിത്രി ലക്ഷ്മണൻ, 96ൽ പി.സി. ചാക്കോ, 98ൽ എ.സി. ജോസ്, 99ൽ കെ. കരുണാകരൻ എന്നിവരും വിജയിച്ചു. സി.പി.എമ്മിലെ എം.എം. ലോറൻസ്, സി.ഒ. പൗലോസ്, എ.പി. കുര്യൻ, വി. വിശ്വനാഥ മേനോൻ, പി. ഗോവിന്ദപിള്ള, ഇ.എം. ശ്രീധരൻ എന്നിവരാണ് ഈ കാലയളവിൽ പരാജയം രുചിച്ചത്. എന്നാൽ 2004ൽ മണ്ഡലം യു.ഡി.എഫിനെ കൈവിട്ടു. സി.പി.എമ്മിലെ ലോനപ്പൻ നമ്പാടൻ കോൺഗ്രസിലെ പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തിയാണ് മണ്ഡലം ഇടതിന് അനുകൂലമാക്കിയത്.
നിർണായക ശക്തിയാകാനായില്ലെങ്കിലും കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും വോട്ട് വിഹിതം ഉയർത്തിയ പാർട്ടിയാണ് ബി.ജെ.പി. 2009ൽ കോൺഗ്രസിന് 50.33 ശതമാനവും എൽ.ഡി.എഫിന് 41.29 ശതമാനവും ബി.ജെ.പിക്ക് 5.72 ശതമാനവുമായിരുന്നു വോട്ട് വിഹിതം. 2014ൽ കോൺഗ്രസിന് 38.93 ശതമാനവും എൽ.ഡി.എഫിന് 40.50 ശതമാനവും ബി.ജെ.പിക്ക് 10.49 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. 2019ൽ കോൺഗ്രസ് 47.8, എൽ.ഡി.എഫ് 34.45, ബി.ജെ.പി 15.56 ശതമാനവുമായിരുന്നു വോട്ട് വിഹിതം. ഇക്കുറി ബി.ഡി.ജെ.എസ് പ്രതിനിധി എൻ.ഡി.എക്കായി എത്തുമ്പോൾ വോട്ട് വിഹിതം എന്താകുമെന്നത് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.