വർക്കല: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ പൂർണമായും തീരദേശ നിയമസഭ മണ്ഡലമായിരുന്ന വർക്കല 2011ലെ പുനർനിർണയത്തോടെയാണ് രൂപം മാറിയത്. തീരദേശവും മലയോര പ്രദേശങ്ങളും സമാസമം ചേർന്ന മണ്ഡലമാണിപ്പോൾ വർക്കല. വലിയ തോതിൽ പ്രവാസികളുള്ള മണ്ഡലം. ഒപ്പം മത്സ്യത്തൊഴിലാളികളും കർഷകരും സാധാരണക്കാരും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന ഇടം കൂടിയാണിത്.
വർക്കല നഗരസഭയും ഇടവ, വെട്ടൂർ, ചെമ്മരുതി, ഇലകമൺ, പള്ളിക്കൽ, മടവൂർ, നാവായിക്കുളം പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് വർക്കല നിയമസഭ മണ്ഡലം. നിലവിൽ എൽ.എഡി.എഫിന്റെ കൈവശമാണ് വർക്കല.
1970 മുതൽ നടന്ന 12 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒമ്പത് തവണയും ഇടതിനെ വാഴിച്ച വർക്കല മൂന്ന് തവണ ഇടതിനെ വീഴ്ത്തുകയും ചെയ്തു. അതായത് ചരിത്രപരമായി ചുവന്നതാണെങ്കിലും അട്ടിമറികളും ശീലിച്ച മണ്ഡലമാണിത്. വമ്പന്മാരെ വാഴിക്കുകയും വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.
1970ലും 77ലും സി.പി.ഐയിലെ ടി.എ. മജീദും 1980, 82, 87, 91 വർഷങ്ങളിൽ സി.പി.എമ്മിലെ വർക്കല രാധാകൃഷ്ണനും 1996ൽ സി.പി.എമ്മിലെ എ. അലിഹസനും 2001, 2006, 2011 ലും കോൺഗ്രസിലെ വർക്കല കഹാറും 2016ലും 2021ലും സി.പി.എമ്മിലെ വി. ജോയിയുമാണ് വിജയിച്ചത്.
ആദ്യകാലങ്ങളിൽ കടുത്ത സി.പി.ഐ ആഭിമുഖ്യവും അടിത്തറയുമുണ്ടായിരുന്ന മണ്ഡലത്തിൽ നിന്ന് ടി.എ. മജീദ് ആറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രണ്ടു തവണയും ജയിച്ചത്.
1980ൽ അന്നത്തെ കോൺഗ്രസിലെ യുവതുർക്കിയായിരുന്ന ജി. കാർത്തികേയനും വർക്കല രാധാകൃഷ്ണനുമായിരുന്നു ഏറ്റുമുട്ടിയത്. കാർത്തികേയന് ഉറച്ച വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും അട്ടിമറി വിജയമായിരുന്നു വർക്കല രാധാകൃഷ്ണന്റേത്. 7261 വോട്ടുകളുടെ ഭൂരിപക്ഷം.
82ലും 87ലും 91ലും വർക്കല രാധാകൃഷ്ണൻ വിജയം ആവർത്തിച്ചു. പക്ഷേ, 82ൽ രാധാകൃഷ്ണനെ വർക്കല കിടുകിടാ വിറപ്പിച്ചിരുന്നു, ഭൂരിപക്ഷം വെറും 1804. 87ൽ ഭൂരിപക്ഷം പതിനയ്യായിരത്തോളവും നൽകി. 91ൽ വർക്കലയെ നേരിടാൻ കഹാർ എത്തിയപ്പോഴും രാധാകൃഷ്ണനെ വിറപ്പിച്ചിട്ടാണ് വിജയിപ്പിച്ചത്, ഭൂരിപക്ഷം 3297.
1996ൽ അലിഹസന് മിന്നുന്ന വിജയമാണ് മണ്ഡലം സമ്മാനിച്ചത്, 26,389 വോട്ടിന്റെ ഭൂരിപക്ഷം. അന്ന് പക്ഷേ, യു.ഡി.എഫ് റിബലായിരുന്ന അഡ്വ. കെ. സുദർശനനും യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ജി. പ്രിയദർശനനും കൂടി യു.ഡി.എഫ് വോട്ടുകൾ പകുത്തു നേടി. ഇരുവരും തമ്മിൽ 250 ഓളം വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.
2001ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എമ്മിലെ അതികായൻ പി.കെ. ഗുരുദാസനെത്തി. നേരിടാൻ വർക്കല കഹാറും. പ്രവചനാതീതമായ മത്സരത്തിൽ മണ്ഡലം പിന്നെയും അട്ടിമറി കാണിച്ചു.1988 വോട്ടുകൾക്കാണ് ഗുരുദാസനെ കഹാർ അട്ടിമറിച്ചത്. 2006ൽ കഹാറിനെ തളയ്ക്കാൻ അന്നത്തെ സി.പി.എം ഏരിയ സെക്രട്ടറിയും ജനകീയമുഖവുമായിരുന്ന അഡ്വ. എസ്. സുന്ദരേശനെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. കഹാറിനെ വിറപ്പിച്ച ശേഷമാണ് 1625 വോട്ടുകൾക്ക് വിജയിപ്പിച്ചത്.
2011ൽ ഹാട്രിക് വിജയത്തിനിറങ്ങിയ കഹാറിനെ പിടിച്ചുകെട്ടാൻ ഡി.വൈ.എഫ്.ഐയുടെ തീപ്പൊരി നേതാവ് എ.എ. റഹീമിനെയാണ് സി.പി.എം പരീക്ഷിച്ചത്. മണ്ഡലം പിന്നെയും കഹാറിനെ വരിച്ചു, ഭൂരിപക്ഷം 10710. 2016ൽ തുടർച്ചയായ നാലാമൂഴത്തിനിറങ്ങിയ കഹാറും സി.പി.എമ്മിലെ വി. ജോയിയും തമ്മിലാണ് ഏറ്റുമുട്ടിയത്.
ഇക്കുറി വർക്കലയിൽ അതിശക്തമായ ത്രികോണ മത്സരവുമുണ്ടായി. എൻ.ഡി.എയിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥി അജി.എസ്.ആർ.എം ഇരുമുന്നണികൾക്കും കടുത്ത വെല്ലുവിളിയുയർത്തി. പ്രവചനാതീതമായ മത്സരത്തിൽ ജോയി 2386 വോട്ടുകൾക്ക് കഹാറിനെ അട്ടിമറിച്ച് വിജയം നേടി.
അജി.എസ്.ആർ.എം 19872 വോട്ടുകൾ നേടി. ബി.എസ്.പിയിലെ ആർ. ലിനീസും എട്ട് സ്വതന്ത്രന്മാരും കൂടി 3859 വോട്ടുകളും നേടിയിരുന്നു. 2021ൽ വി. ജോയി രണ്ടാമൂഴത്തിൽ കോൺഗ്രസിലെ ബി.ആർ.എം. ഷെഫീറിനെ 17821 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഇതാണ് വർക്കല മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം.
ഇക്കുറി മണ്ഡലത്തിലെ ഏക നഗരസഭയും ഏഴ് ഗ്രാമപഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫാണ്. നഗരസഭയിൽ ബി.ജെ.പിയാണ് രണ്ടാമത്തെ കക്ഷി. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് സി.പി.എം ഭരണം നടത്തുന്നത്. ചില പഞ്ചായത്തുകളിലും നേരിയ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഭരണം നടത്തുന്നത്.
ചെമ്മരുതിയിൽ ബി.എസ്.പി പിന്തുണയോടെയും ഭരിക്കുന്നു. അതായത് ചരിത്രപരമായി ചുവന്നതാണ് വർക്കല മണ്ഡലം. എങ്കിലും അപ്രതീക്ഷിതമായ അടിയൊഴുക്കുകളുണ്ടാക്കി വമ്പന്മാരെ അട്ടിമറിച്ചിട്ടുമുണ്ട്. ഇക്കുറി തദ്ദേശ സ്ഥാപനങ്ങളെല്ലാം ഇടതിനൊപ്പമാണെങ്കിലും അടിസ്ഥാന സ്വഭാവം നിലനിർത്തുമോ എന്നത് കാത്തിരുന്നുതന്നെ കാണണം.
അറബിക്കടലിന്റെ തീരത്ത് നിന്നാരംഭിച്ച് നാഷനൽ ഹൈവേ മുറിച്ചു കടന്ന് മലയോര മേഖലകളിലും വ്യാപിച്ചുകിടക്കുന്ന മണ്ഡലം കൂടിയാണിത്.
സാധാരണ വർക്കലയുടെ തീരദേശ മേഖലയാണ് തെരഞ്ഞെടുപ്പ് കാലത്ത് ആദ്യം ഉണരുന്നത്. ഇവിടെ തിരയടിച്ചുണരുന്ന ഇലക്ഷൻ ചൂട് കരയിലേക്കും പടരുന്നതാണ് പതിവ്. തീരദേശ മേഖലയിൽ എൽ.ഡി.എഫും യു.ഡി.എഫും തുല്യ ശക്തികളായിരുന്നു.
നഗരസഭയിൽ ലീഡ് നേടുന്ന സ്ഥാനാർഥി വിജയിക്കുമെന്നതും പതിവായിരുന്നു. 2016ലെ തെരഞ്ഞെടുപ്പ് മുതൽ തീരമേഖലയിൽ യു.ഡി.എഫ് ക്ഷീണിച്ചു. എൽ.ഡി.എഫാകട്ടെ, ആ അവസരം കൂടുതൽ നന്നായി വിനിയോഗിച്ചു. എന്നാലിക്കുറി തീരമേഖലയിൽ നിന്ന് സി.പി.എമ്മിനും തോണിക്കാരനില്ല.
പരമ്പരാഗത തൊഴിലുകളായ കയർപിരിയും കശുവണ്ടി ഫാക്ടറികളും പൂട്ടിപ്പോയതു മൂലം അടിസ്ഥാന വോട്ടുകളെ ചിതറിച്ചിട്ടുണ്ട്. അതേ സമയം ഇക്കുറിയും വർക്കല നിയമസഭ മണ്ഡലത്തിലെ വിജയവഴി നിർണയിക്കുന്നത് തീരദേശം തന്നെയാകും.
● വർക്കല നഗരസഭ- എൽ.ഡി.എഫ്
● ഇടവ ഗ്രാമപഞ്ചായത്ത്- എൽ.ഡി.എഫ്
● വെട്ടൂർ ഗ്രാമപഞ്ചായത്ത്- എൽ.ഡി.എഫ്
● ചെമ്മരുതി ഗ്രാമപഞ്ചായത്ത്- എൽ.ഡി.എഫ്
● ഇലകമൺ ഗ്രാമപഞ്ചായത്ത്- എൽ.ഡി.എഫ്
● പള്ളിക്കൽ ഗ്രാമപഞ്ചായത്ത്- എൽ.ഡി.എഫ്
● മടവൂർ ഗ്രാമപഞ്ചായത്ത്- എൽ.ഡി.എഫ്
● നാവായിക്കുളം ഗ്രാമപഞ്ചായത്ത്- എൽ.ഡി.എഫ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.