തിരുവനന്തപുരം: ലോക കേരള സഭ അമേരിക്കൻ മേഖലാസമ്മേളനം ശനിയാഴ്ച തുടങ്ങും. ന്യൂയോർക് നഗരത്തിന്റെ ഹൃദയമായ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ മൂന്നുദിവസങ്ങളായി നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ. ബാലഗോപാൽ, സ്പീക്കർ എ.എൻ. ഷംസീർ, നോർക്ക െറസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘവും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും യാത്രതിരിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ലോക കേരള സഭ ഡയറക്ടർ കെ. വാസുകി എന്നിവർ ഉദ്യോഗസ്ഥസംഘത്തിൽ പെടുന്നു.
ജൂൺ ഒമ്പത്, 10, 11 തീയതികളിലാണ് സമ്മേളനം നടക്കുന്നത്. ലോക കേരള സഭ മേഖലാസമ്മേളനത്തിന് ശേഷം അമേരിക്കൻ മലയാളി പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങുന്ന മുഖ്യമന്ത്രി ന്യൂയോർക് ടൈം സ്ക്വയറിൽ തയാറാക്കുന്ന പ്രൗഢഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്യും.
സമ്മേളനത്തിന്റെ രണ്ടാംദിവസമാണ് പ്രധാന സെഷനുകൾ. നോർക്ക റെസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന ‘അമേരിക്കൻ മേഖലയിൽ ലോക കേരളസഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലീകരണ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയം സഭ ചർച്ച ചെയ്യും. ഡോ. ജോൺ ബ്രിട്ടാസ് എം.പി ‘നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കും. ‘മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചാരണ സാധ്യതകളും’ എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭ സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായ വി.പി. ജോയി ആണ്. ഡോ. കെ. വാസുകി ‘മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും’ എന്ന വിഷയം അവതരിപ്പിക്കും. ഈ വിഷയങ്ങളിൽ അമേരിക്കൻ രാജ്യങ്ങളിലുള്ള പ്രതിനിധികൾ അവരുടെ നിർദേശങ്ങളും പ്രശ്നങ്ങളും അവതരിപ്പിക്കും. ചർച്ചകൾക്കുശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും.
മൂന്നാം ദിവസം മുഖ്യമന്ത്രി അമേരിക്കയിലെ ബിസിനസ് സമൂഹവുമായും മലയാളി സമൂഹത്തിൽ നിന്നുള്ള വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, എന്നിവരുമായും കൂടിക്കാഴ്ച നടത്തും.
അമേരിക്കയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ന്യൂയോർക്കിലെ പരിപാടി കഴിഞ്ഞ് വാഷിങ്ടൺ ഡി.സിയും ക്യൂബയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി നാട്ടിലേക്ക് മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.