ലോക കേരള സഭ: പി. ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിൽ പോകും

തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാൻ നോർക്ക റൂട്ട്സ് വൈസ് ചെയർമാന്‍ പി. ശ്രീരാമകൃഷ്ണനും സംഘത്തിനും അമേരിക്കയിലേക്ക് പോകാൻ അനുമതി. ജൂൺ അഞ്ച്​ മുതൽ 13 വരെയാണ് യാത്രക്ക്​ സർക്കാർ അനുമതി നൽകിയത്. ചെലവ് നോർക്ക വഹിക്കും. ജൂൺ ഒമ്പത്​ മുതൽ 11 വരെയാണ് സംഗമം.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘവും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോലശ്ശേരി എന്നിവരും ശ്രീരാമകൃഷ്ണനോടൊപ്പം അമേരിക്കയിലേക്ക്​ പോകുന്നുണ്ട്. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്​.

അമേരിക്കയിലും സൗദി അറേബ്യയിലുമായാണ് ലോകകേരള സഭയുടെ രണ്ടു​ മേഖല സമ്മേളനങ്ങൾ നടക്കുന്നത്. ജൂണിൽ അമേരിക്കയിലും സെപ്​റ്റംബറിൽ സൗദിയിലുമാണ്​ സമ്മേളനം.

ഇതിന്​ ചീഫ്​ സെക്രട്ടറി അധ്യക്ഷനും പ്രവാസി വ്യവസായ പ്രമുഖരും നോർക്ക റൂട്​സ്​ ഉദ്യോഗസ്ഥരും അംഗങ്ങളുമായി രണ്ട്​ സബ്​ കമ്മിറ്റികൾക്ക്​ സർക്കാർ രൂപം നൽകിയിരുന്നു. നോർക്ക റൂട്സ്​ വൈസ്​ ചെയർമാൻ ഡോ. എം.എ. യൂസുഫലി, ഡയറക്ടർ ഡോ. രവിപിള്ള എന്നിവർ സൗദി മേഖല സമ്മേളന സമിതിയിൽ അംഗങ്ങളാണ്​.

പ്രവാസി മലയാളികൾ കൂടുതൽ അധിവസിക്കുന്ന പ്രദേശമെന്നനിലയിലാണ്​ അമേരിക്കയിലും സൗദിയിലും സമ്മേളനങ്ങളെന്ന്​ സർക്കാർ ഉത്തരവിൽ പറയുന്നു. 2022ൽ ലണ്ടനിൽ നടന്ന ലോകകേരള സഭ മേഖല സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം പ​ങ്കെടുത്തിരുന്നു.

Tags:    
News Summary - Loka Kerala Sabha: P. Sreeramakrishnan to visit America

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.