പുഷ്‍പൻ, രക്തരൂഷിതമായ സമരകാലത്തിന്‍റെ ഓർമ....

കോഴിക്കോട് : കമ്യൂണിസ്റ്റ് പാർട്ടിയുടെ രക്തരൂഷിതമായ സമരകാലത്തിന്‍റെ ഓർമ കൂടിയാണ് പുഷ്പൻ. പൊലീസിന്‍റെ വെടിയുണ്ടകൾക്ക് മുന്നിൽ വിരമാറു കാട്ടി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച യുവതലമുറയായിരുന്നു അന്നത്തേത്. മെഡിക്കൽ വിദ്യാഭ്യാസം സ്വകാര്യവത്​കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബഹുജന സമരങ്ങൾ അഴിച്ചുവിട്ട കാലം. ബഹുജന ഉപരോധത്തിലൂടെ സർക്കാർ നയത്തെ മാറ്റി തീർക്കാൻ കഴിയുമെന്ന പ്രതീക്ഷ പുലർത്തിയ പാർട്ടിയുടെ മുന്നണി പോരാളിയായിരുന്നു പുഷ്‍പൻ.

എട്ടാം ക്ലാസു വരെയാണ് പുഷ്പൻ പഠിച്ചത്. വീട്ടിലെ പ്രയാസം കാരണം പഠനം നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലിചെയ്തു. ബംഗളൂരുവില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൂത്തുപറമ്പിലെ സമരത്തില്‍ പങ്കെടുത്തത്. കൂത്തുപറമ്പിൽ 1994 നവംബർ 25ന് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കുകയും തടയുകയും ചെയ്യുന്നതിനിടെയുണ്ടായ പൊലീസ് വെടിവെയ്പിലാണ് പുഷ്പന് പരിക്കേറ്റത്. അന്നത്തെ പൊലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപ്പെട്ടു -കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവർ. പൊലീസ് വെടിവെപ്പില്‍ സുഷുമ്നനാഡി തകരുമ്പോൾ പുഷ്പന് പ്രായം 24. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു പിന്നീടുള്ള ജീവിതം.

പരിയാരത്ത് തുടങ്ങുന്ന മെഡിക്കൽ കോളജിന്‍റെ സ്ഥലവും കെട്ടിടവും സർക്കാറിന്‍റേതായിരുന്നു, വായ്പക്ക് ജാമ്യവും സർക്കാറാണ്. ഇങ്ങനെ മുഴുവൻ പൊതുഉടമസ്ഥതയിലായിരുന്നു. എന്നാൽ, മെഡിക്കൽ കോളജ് കെ. കരുണാകരൻ, എം.വി. രാഘവൻ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്​കരിച്ച ട്രസ്റ്റിന് കീഴിലേക്ക് കൊണ്ടുവരാനും നീക്കങ്ങളുണ്ടായി. മെഡിക്കൽ കോളജ് തീർത്തും സഹകരണ മേഖലയിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവജന സമരം നടന്നത്. മെഡിക്കൽ- എൻജിനീയറിങ് വിദ്യാഭ്യാസം കച്ചവടവത്​കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ വിദ്യാർഥി-യുവജന പ്രക്ഷോഭം ശക്തിപ്പെട്ട കാലം കൂടിയാണത്.

പാർട്ടി അന്ന് സമരത്തിന്​ സഖാക്കളെ ആശയ പടച്ചട്ട അണിയിച്ചാണ് തെരുവിലിറക്കിയിരുന്നത്. പൊലീസ് ഭീകരത നേരിടുന്നതിന് പാർട്ടി മുന്നൊരുക്കം നടത്തി. പൊലീസിനെ ഉപയോഗിച്ച് സമരം അടിച്ചമർത്താൻ കഴിയില്ലെന്ന് സി.പി.എം പ്രഖ്യാപിച്ചു. എന്തു വിലകൊടുത്തും എം.വി രാഘവനെ തടയുമെന്ന് യുവജനങ്ങൾ. എന്നാൽ, മന്ത്രിയായ എം.വി. രാഘവൻ മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വലിക്കാൻ തയാറായില്ല. പൊലീസിനെ ഉപയോഗിച്ച് തടയാനെത്തിയവരെ അറസ്റ്റ് ചെയ്തു നീക്കാൻ ആയിരുന്നു മന്ത്രിയുടെ ഉത്തരവ്. പുഷ്പനടക്കമുള്ളവർ സമരമുഖത്തുനിന്നു മാറാതെ നിന്നു. എം.വി. രാഘവനെ കൊല്ലാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ കൂത്തുപറമ്പ് പൊലീസ് കേസ് എടുത്തു. കേസിൽ മൂവായിരത്തോളം പേർ പ്രതികളായിരുന്നു.

ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ തളര്‍ന്ന ശരീരവുമായി ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും സമ്മേളനങ്ങളില്‍ പലവട്ടമെത്തി. സി.പി.എം നോര്‍ത്ത് മേനപ്രം ബ്രാഞ്ചംഗമായി തുടർന്നു. പുഷ്പനെ കാണാന്‍ ചെ ഗുവേരയുടെ മകള്‍ അലിൻഡ ഗുവേര ഉള്‍പ്പെടെ അനേകം പേർ മേനപ്രത്തെ വീട്ടിലെത്തി. വെടിവെയ്പിന് ശേഷം എം.വി. രാഘവൻെ സി.എം.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ മലബാറിൽനിന്ന് തുടച്ചു നീക്കാൻ സി.പി.എമ്മിന് കഴിഞ്ഞു. പുഷ്പൻ ജീവിച്ചിരിക്കെ തന്നെ സി.പി.എം കൂത്തുപറമ്പിൽ സമരത്തിന് ഉയർത്തിയ മുദ്രാവാക്യം തിരുത്തി. ഇടതു സർക്കാർ വിദ്യാഭ്യാസ സ്വകാര്യ വത്​കരണത്തിനു മുൻകൈയെടുക്കുന്നത്​ രോഗശയ്യയിൽ കിടന്നു പുഷ്പൻ കണ്ടു. ഒടുവിൽ കൂത്തുപറമ്പ് വെടിവെപ്പിനൊപ്പം ചരിത്രത്തിന്‍റെ ഭാഗമാവുകയാണ്​ പുഷ്പനും.

Tags:    
News Summary - Pushpan, the memory of the bloody struggle...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.