തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാർ എതിർപ്പ് അറിയിച്ചെങ്കിലും ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഓർഡിനൻസ് പുനർവിളംബരം ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കാലാവധി കഴിയുന്ന ഓർഡിനൻസ് വീണ്ടും ഇറക്കുന്നത് പരിഗണിക്കവെയാണ് സി.പി.ഐ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചത്. ഓർഡിനൻസ് ബില്ലായി നിയമസഭയിൽ കൊണ്ടുവരുന്ന ഘട്ടത്തിൽ വിശദ ചർച്ച ആകാമെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും വിശദീകരിച്ചു.
സി.പി.ഐ മന്ത്രിമാർക്കുവേണ്ടി കെ. രാജനാണ് ഓർഡിനൻസിന്റെ കാര്യത്തിൽ പാർട്ടിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് മന്ത്രിസഭയിൽ വ്യക്തമാക്കിയത്. രാഷ്ട്രീയ ചർച്ചയും മുന്നണി ചർച്ചയും ഇക്കാര്യത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസ് പുതുക്കൽ ഭരണപരവും സാങ്കേതികവുമായ കാര്യമാണെന്ന് നിയമമന്ത്രി പി. രാജീവ് വിശദീകരിച്ചു. ബിൽ സഭയിൽ വരുമ്പോൾ വിശദ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
മുമ്പ് മന്ത്രിസഭയിൽ സി.പി.ഐ മന്ത്രിമാർ ഓർഡിനൻസിനെ എതിർക്കാതിരുന്നത് വിവാദമായിരുന്നു. മന്ത്രിമാർ ജാഗ്രത കാണിച്ചില്ലെന്നും പാർട്ടിയുമായി കൂടിയാലോചിച്ചില്ലെന്നും സി.പി.ഐ നേതൃത്വം പരസ്യമായി കുറ്റപ്പെടുത്തുകയും മന്ത്രിമാരെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഓർഡിനൻസിനോട് താൽപര്യമില്ലെന്നും നിയമമായാണ് കൊണ്ടുവരേണ്ടിയിരുന്നതെന്നുമായിരുന്നു സി.പി.ഐ നിലപാട്. പിന്നീട് മറ്റൊരു മന്ത്രിസഭയിൽ സി.പി.ഐ മന്ത്രിമാർ ഓർഡിനൻസിലെ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ഭേദഗതിക്കെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. ഗവർണറും സർക്കാറിനോട് വിശദീകരണം ചോദിച്ചു. ഒടുവിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ ഓർഡിനൻസിന് അംഗീകാരം നൽകുകയായിരുന്നു. നേരത്തേ അംഗീകരിച്ച ഓർഡിനൻസായതിനാൽ ഗവർണർ ഇനി എതിർപ്പ് പ്രകടിപ്പിക്കാനിടയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.