കോട്ടയം: സംക്രാന്തിക്കവലയിൽ അപകടത്തിന് ഇടയാക്കിയ പച്ചക്കറി ലോറി അഴിഞ്ഞുതൂങ്ങിയ കയറുമായി നടത്തിയത് മരണപ്പാച്ചിൽ. ബൈക്ക് യാത്രികരും ഓട്ടോഡ്രൈവറും കാല്‍നടക്കാരനും കുടുങ്ങിയിട്ടും ലോറി ഡ്രൈവറോ സഹായിയോ അറിഞ്ഞില്ല. പച്ചക്കറി വീണുതുടങ്ങിയപ്പോൾ മാത്രമാണ് കാര്യം അറിയുന്നത്. ഞായറാഴ്ച പുലർച്ച നാട് ഞെട്ടിയുണർന്നത് അപകടവാർത്തയിലേക്കായിരുന്നു. കയർ കുരുങ്ങി രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ വിവരമാണ് ആദ്യം പുറത്തുവന്നത്. വിവരം അറിഞ്ഞെത്തിയവർ റോഡിൽ പരിശോധന നടത്തിയപ്പോഴാണ് ഫെഡറല്‍ ബാങ്കിന് സമീപം റോഡരികില്‍ മുരളിയുടെ മൃതദേഹം കണ്ടെത്തിയത്.
എന്താണ് സംഭവമെന്ന് സ്ഥലത്ത് ഓടിയെത്തിയവർക്കും മനസ്സിലായില്ല. കയർ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. മുരളിയുടെ മരണവും കയർ കുരുങ്ങിയാകാമെന്ന് സംശയിച്ചെങ്കിലും കാൽ എങ്ങനെ വേർപെട്ട് ദൂരെയെത്തി എന്നത് ചോദ്യചിഹ്നമായി. പിന്നീട് പൊലീസെത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് കാലിലും കഴുത്തിലും കയർ കുരുങ്ങിയതിന്റെ പാടുണ്ടെന്ന് വ്യക്തമായത്.
കയർ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടതെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയവരില്‍ ഒരാളായ അന്‍സാരി പറഞ്ഞു. തുടര്‍ന്നു നാട്ടുകാര്‍ക്കൊപ്പം നടത്തിയ പരിശോധനയിൽ സമീപത്തുനിന്ന് കാല് മുറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംക്രാന്തിക്കാരനല്ലെങ്കിലും ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാരനായ മുരളി സമീപവാസികൾക്കു പരിചിതനാണ്. രാവിലെ താമസസ്ഥലത്തുനിന്ന് ജങ്ഷനിലേക്കു ചായ കുടിക്കാന്‍ പോകുന്നത് പതിവായിരുന്നു. ഇത്തരത്തില്‍ ചായ കുടിക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. സംഭവമറിഞ്ഞ് തോമസ് ചാഴികാടന് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.