പെരുമ്പാവൂര്‍: അശമന്നൂര്‍ പഞ്ചായത്തില്‍ ഓടക്കാലി വായ്ക്കരകാവ് റോഡിന് സമീപം മാലിന്യം തള്ളാനെത്തിയ ടിപ്പർ ലോറി കുരീക്കന്പാറയില് പാറമടയിലേക്ക് തലകീഴായ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അയിരൂര്‍പാടം സ്വദേശി ആയപ്പാറ ഒറ്റക്കാപ്പിള്ളില് സജീവ് -മിനി ദമ്പതികളുടെ മകന് സചിനാണ് (27) മരിച്ചത്. പ്ലൈവുഡ്- പ്ലാസ്റ്റിക് കമ്പനികളില്‍നിന്നുള്ള മാലിന്യം തള്ളാനെത്തിയ ലോറിയാണ് തിങ്കളാഴ്ച രാവിലെ 11ഓടെ അപകടത്തില്‍പെട്ടത്.
തലേദിവസം തള്ളിയ രാസമാലിന്യങ്ങള്‍ക്ക് മുകളില്‍ വാഹനം കയറ്റി നിര്‍ത്തി ലോഡ് തട്ടുന്നതിനിടെ തിട്ട അടര്‍ന്ന് ലോറി ഏകദേശം 250 മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു. കരിങ്കല്പാറയിലിടിച്ച് തകര്‍ന്ന ലോറി പൂര്‍ണമായി ചളിയും രാസമാലിന്യങ്ങളും കലര്‍ന്ന വെള്ളത്തില്‍ മുങ്ങി. കാബിനില്‍ കുടുങ്ങിയ ഡ്രൈവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. രക്ഷാപ്രവർത്തനത്തിന് വെള്ളത്തിലിറങ്ങിയ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരച്ചില്‍ തടസ്സപ്പെട്ടു. ഇവർ പ്രാഥമിക ശുശ്രൂഷക്ക് വിധേയരായി. വൈകീട്ട് 5.30നാണ് മൃതദേഹം പുറത്തെടുക്കാനായത്.
മേക്കമാലില്‍ എം.എം. ജോര്‍ജിെൻറ ഉടമസ്ഥതയിലുള്ളതാണ് പാറമട. അധികൃതരുടെ ഒത്താശയോടെ മാസങ്ങളായി രാസമാലിന്യം കലര്‍ന്ന സാധനങ്ങള്‍ തള്ളുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നാട്ടുകാരും പെരുമ്പാവൂര്‍, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ അഗ്നിരക്ഷാസേനയും പെരുമ്പാവൂര്‍ കുറുപ്പംപടി പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.