പയ്യന്നൂർ: ബൈക്കിൽ കോഴി ലോറിയിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്-ഭാനുമതി ദമ്പതികളുടെ മക്കളായ സ്നേഹ (24), സഹോദരന് ലോഭേഷ് (32) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ കണ്ണൂർ ഗവ. ആയുർവേദ കോളജിന് സമീപം അലക്യംപാലം ദേശീയ പാതയിലായിരുന്നു അപകടം.
മുന്നില്‍ പോകുകയായിരുന്ന ബൈക്കിൽ പിറകിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇരുവരുടെയും ദേഹത്ത് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. എന്നാൽ, ബൈക്കിൽ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് ലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്.
പയ്യന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും പരിയാരം മെഡിക്കൽ കോളജ് പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പ്രയത്നിച്ചാണ് ലോറിക്കടിയിൽപെട്ട ഇരുവരെയും പുറത്തെടുത്തത്. സ്നേഹ സംഭവസ്ഥലത്തു മരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ലോഭേഷിനെയും രക്ഷിക്കാനായില്ല.
മഞ്ചേശ്വരത്തെ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഗെസ്റ്റ് അധ്യാപികയായി സ്നേഹക്ക് നിയമനം ലഭിച്ചിരുന്നു. പയ്യന്നൂരില്‍നിന്ന് ട്രെയിനില്‍ യാത്രതിരിക്കാൻ സഹോദരനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം നടന്നത്. ലോഭ മറ്റൊരു സഹോദരിയാണ്. മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ പാച്ചേനിയിലെ വീട്ടിലെത്തിച്ച് വൈകീട്ടോടെ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.