‘ഈ വിഷയം കുടുംബങ്ങൾ തമ്മിൽ സംസാരിച്ച് തീർത്തോളും; ഊതിപ്പെരുപ്പിക്കരുത്, ആരും മുതലെടുക്കരുത്’ -മനാഫ്

കോഴിക്കോട്: കേരളത്തിന്റെ സൗഹാർദവും ഐക്യവും തെളിയിച്ച സുന്ദരമായ ദൗത്യമായിരുന്നു അർജുന്റെ കാര്യത്തിൽ നടന്നതെന്നും അതിന് മങ്ങലേൽപിക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ച് ലോറി ഉടമ മനാഫ്. ഇപ്പോഴുണ്ടായ കേസും കാര്യങ്ങളുമെല്ലാം ത​ന്റെ കുടുംബവും അർജുന്റെ കുടുംബവും തമ്മിൽ സംസാരിച്ച് ഒത്തുതീർപ്പാക്കും. ഇപ്പോഴും ഇരുകുടംബങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ല. ആരും ഊതിപ്പെരുപ്പിക്കരുത്. സമൂഹമാധ്യമങ്ങളോ ​മാധ്യമങ്ങളോ മറ്റാരെങ്കിലുമോ ഇക്കാര്യത്തിൽ മുതലെടുക്കാൻ നിൽക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

സാമുദായിക സൗഹാർദം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവൃത്തിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. അത്തരത്തിലുള്ള ആളുടെ പേരിൽ തന്നെ ഭിന്നിപ്പുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നത് സങ്കടകരമാണ്. താൻ മതസ്പർദ്ധ വളർത്താനല്ല, മത സൗഹാർദം വളർത്താനാണ് ശ്രമിച്ചതും ശ്രമിക്കുന്നതും. അർജുന്‍റെ കുടുംബവുമായി എനിക്ക് ഒരുപ്രശ്നവുമില്ല. കേസി​ന്റെ കാര്യം ഒന്നും ഞാൻ നോക്കിയിട്ടില്ല. അതെന്തായാലും ഒരുപ്രശ്നവുമില്ല. എല്ലാം സംസാരിച്ച് തീർക്കാൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട്. അർജുൻ പോയി. ഇനി അവരുടെ കുടുംബത്തെയും നമ്മുടെ കുടുംബത്തെയും നോർമൽ ലൈഫിലേക്ക് മടങ്ങിപ്പോകാൻ അനുവദിക്കണം. സമൂഹമാധ്യമങ്ങളിൽ ആരും അനാവശ്യം പറയരുത്. ഇന്നലെ വാർത്ത സമ്മേളനം നടത്തിയപ്പോഴും എന്‍റെ ഭാഗത്തുനിന്ന് അറിയാതെ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതിന് മാപ്പു പറഞ്ഞതാണ്. അവരെ ആക്രമിക്കുന്ന രീതിയിലോ അധിക്ഷേപിക്കുന്നതോ ആയ കമന്‍റ് ഇടരുത് എന്നു തന്നെയാണ് പൊതുസമൂഹത്തോട് പറഞ്ഞിട്ടുള്ളത് -മനാഫ് പറഞ്ഞു.

കേസിൽ പ്രതി ചേർത്തതിൽ വലിയ മാനസിക സംഘർഷത്തിലാണെന്ന് ഇന്ന് രാവിലെ കേസെടുത്ത വിവരങ്ങൾ പുറത്തുവന്നപ്പോൾ മനാഫ് പ്രതികരിച്ചിരുന്നു. ‘ഇന്നലത്തെ പത്രസമ്മേളനത്തോടെ എല്ലാം അവസാനിപ്പിച്ചതാണ്. ഞാനിപ്പോഴും അവർക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടാലും അവർക്കൊപ്പം നിൽക്കും. കേസെടുത്തതിൽ സങ്കടമുണ്ട്. ആരാണ്, എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല” -എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അർജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ, സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയതിനും കലാപ ശ്രമത്തിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് മനാഫ് അടക്കമുള്ളവർക്കെതിരെ ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ കുടുംബത്തിന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് സൈബർ അധിക്ഷേപം നേരിടുന്നതായി കാണിച്ച് കുടുംബം കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. നീചമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഇതിൽ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - lorry owner Manaf about case by arjuns family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.