കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ ജോസ് കെ. മാണിയെ പിന്തുണച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി). ജോസ് കെ. മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ.സി.ബി.സി വക്താവ് ഫാദർ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ ജോസ് കെ. മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി ചൂണ്ടിക്കാട്ടി.
ലൗ ജിഹാദ് ഇല്ലെന്നത് മുസ് ലിം ലീഗിന്‍റെ മാത്രം അഭിപ്രായമാണ്. പെണ്‍കുട്ടിയുടെ അമ്മ കാലുപിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍ നിന്ന് പോയിട്ടില്ല. വിവിധ മത വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി വ്യക്തമാക്കി.
ലൗ ജിഹാദ് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ. മാണിയുടെ പ്രസ്താവന വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ് കെ. മാണിയുടേത് എൽ.ഡി.എഫിന്‍റെ നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നു.
ജോസ് കെ. മാണിയുടെ പ്രസ്താവന വ്യക്തിപരമാണെന്നും അത് വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും കാനം പറഞ്ഞു. ലൗ ജിഹാദ് സംബന്ധിച്ച പ്രചരണം മതമൗലികവാദികളാണ് നടത്തുന്നത്. ഇന്ത്യയിൽ പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവെര വിവാഹം ചെയ്യാം. മതവിശ്വാസമനുസരിച്ചും അല്ലാതെയും വിവാഹമാകാം. ഇതൊക്കെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നതാണെന്നും കാനം പറഞ്ഞു.
കാനത്തിന്‍റെ പ്രസ്താവനക്ക് പിന്നാലെ നിലപാടിൽ മലക്കം മറിഞ്ഞ ജോസ് കെ. മാണി, ലൗ ജിഹാദ് സംബന്ധിച്ച് ഇടതുപക്ഷത്തിന്‍റെ നിലപാട് തന്നെയാണ് തനിക്കും കേരള കോൺഗ്രസിനുമുള്ളതെന്ന് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.