തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കക്ക് പടിഞ്ഞാറും ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം (ലോ പ്രഷർ) തീവ്രന്യൂനമർദമായി (ഡിപ്രഷൻ) കേരള തീരത്തേക്ക് അടുക്കുന്നു. തിരുവനന്തപുരത്തിന് 390 കിലോമീറ്റർ തെക്ക്-തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമർദം, വടക്ക്- വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും 48 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമർദമായി (ഡീപ് ഡിപ്രഷൻ) രൂപാന്തരം പ്രാപിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണവിഭാഗത്തിെൻറ മുന്നറിയിപ്പ്.
കടലിനുള്ളില്‍ കാറ്റിെൻറ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയും തിരമാല സാധാരണയില്‍നിന്ന് 2.5-3.8 മീറ്റർ വരെയും ഉയരും. ന്യൂനമർദം ശക്തിയാർജിച്ചതോടെ സംസ്ഥാനത്ത് സർക്കാർ അതിജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഏത് സാഹചര്യവും നേരിടാൻ നാവികസേനയോടും പുനരധിവാസകേന്ദ്രങ്ങൾ തയാറാക്കാൻ ജില്ല കലക്ടർമാരോടും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. ജാഗ്രത കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും ഹാർബറുകളിലും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മൂന്നാം നമ്പർ അപായസൂചന നൽകി. തുറമുഖങ്ങളെ ബാധിക്കും വിധം ന്യൂനമർദം ശക്തിപ്രാപിക്കുമ്പോഴാണ് മൂന്നാം നമ്പർ അപായസൂചന നൽകാറുള്ളത്. ഈ സാഹചര്യത്തിൽ കാറ്റിെൻറ വേഗം മണിക്കൂറിൽ 40-50 കിലോമീറ്റർ ആയിരിക്കും. തുറമുഖത്ത് അതിശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. കാറ്റിെൻറ വേഗം 60-90 കിലോമീറ്ററിലേക്ക് ഉയർന്നാൽ രണ്ടാം നമ്പർ അപായസൂചന നൽകും. തുറമുഖം വിടുന്ന കപ്പലുകൾക്കും മറ്റ് മത്സ്യബന്ധന യാനങ്ങൾക്കും അപകടമുണ്ടാക്കുന്നതായിരിക്കും അപ്പോഴത്തെ കാറ്റ്.
സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉന്നതതല യോഗം ചേർന്നു. തീവ്രന്യൂനമർദം കേരളതീരം വഴി ലക്ഷദ്വീപിലേക്ക് നീങ്ങുന്നതായാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ വിലയിരുത്തൽ. അതിനാൽ തീവ്രന്യൂനമർദം അത്രകണ്ട് കേരളത്തെ ബാധിക്കില്ലെന്നാണ് നിഗമനം. തീവ്രന്യൂനമർദത്തിെൻറ ഫലമായി ലക്ഷദ്വീപിലും സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. കടലിൽ പോയ എല്ലാ മത്സ്യത്തൊഴിലാളികളെയും തിരികെ എത്തിക്കാനും മത്സ്യത്തൊഴിലാളികൾ ആരും കടലിൽ ഇല്ലെന്ന് ഉറപ്പുവരുത്താനും കോസ്റ്റ്ഗാർഡിനോടും നേവിയോടും വ്യോമസേനയോടും ചീഫ് സെക്രട്ടറി നിർദേശിച്ചു.
അടിയന്തരഘട്ടം നേരിടാൻ തയാറാകണമെന്ന് വൈദ്യുതി ബോർഡിനും നിർദേശമുണ്ട്. എല്ലാ തീരദേശമേഖലകളിലും ദുരിതാശ്വാസകേന്ദ്രങ്ങൾ തയാറാക്കാനും ഇവയുടെ താക്കോല്‍ തഹസില്‍ദാര്‍മാരുടെ കൈയിൽ സൂക്ഷിക്കാനും യോഗത്തിൽ തീരുമാനമായി. തീരദേശ താലൂക്ക് കൺട്രോൾ റൂമുകൾ 15 വരെ 24 മണിക്കൂറും പ്രവർത്തിക്കും. പരീക്ഷ നടക്കുന്ന ഹാളുകളെ പുനരധിവാസകേന്ദ്രങ്ങളായി പരിഗണിക്കരുതെന്നും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ നിരന്തരം നിരീക്ഷിക്കാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും ചീഫ് സെക്രട്ടറി പോൾ ആൻറണി നിർദേശം നൽകി. യോഗത്തിൽ പൊലീസ് മേധാവിയും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
സർക്കാർ നിർദേശം അവഗണിച്ചും കടലിൽ പോയ 50 ബോട്ടുകളെ ചൊവ്വാഴ്ച കോസ്റ്റ് ഗാർഡിെൻറയും വ്യോമസേനയുടെയും സഹായത്തോടെ ലക്ഷദ്വീപിൽ അടുപ്പിച്ചു. സർക്കാർ നിർദേശത്തിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. അടിയന്തരസാഹചര്യം നേരിടാൻ കേരളതീരത്ത് കോസ്റ്റ് ഗാർഡ് നാല് കപ്പലുകൾ വിന്യസിച്ചു. എല്ലാതരത്തിലും പൂർണ സജ്ജമാണെന്ന് ദക്ഷിണ കമാൻഡും വ്യക്തമാക്കി. അവധിയിൽ പ്രവേശിച്ച അഗ്നിശമനസേന ഉദ്യോഗസ്ഥരും ജീവനക്കാരും നിലവിലെ സ്ഥിതി കണക്കിലെടുത്ത് അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് ഫയർഫോഴ്സ് മേധാവി ടോമിൻ ജെ. തച്ചങ്കരി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.