പ്രിയ വർഗീസിന് റിസർച് സ്കോർ കുറവ്; അഭിമുഖത്തിൽ കൂടുതൽ മാർക്ക് നൽകി

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയറ്റ് പ്രഫസർ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ പുറത്ത്.

അസോസിയറ്റ് പ്രഫസർ തസ്തികയിലേക്ക് അഭിമുഖത്തിനെത്തിയ ആറു പേരിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗീസിനാണ്. 156 മാര്‍ക്ക് റിസർച് സ്കോർ ലഭിച്ചപ്പോൾ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കായ 32 ലഭിച്ചു. രണ്ടാം റാങ്ക് ജേതാവും 27 വർഷത്തെ അധ്യാപന പരിചയവുമുള്ള ജോസഫ് സക്കറിയയുടെ റിസർച് സ്കോർ 651 ആണ്. എന്നാൽ, അഭിമുഖത്തിൽ പ്രിയ വർഗീസിനേക്കാൾ രണ്ടുമാർക്ക് കുറവാണ്. മൂന്നാം റാങ്കുള്ള സി. ഗണേഷിന് 645 റിസർച് സ്കോർ ലഭിച്ചപ്പോൾ അഭിമുഖത്തിൽ കിട്ടിയത് 28 മാർക്ക്.

ഉയർന്ന റിസർച് സ്കോർ പോയന്റുള്ളവർക്ക് അഭിമുഖത്തിൽ കുറവ് മാർക്ക് നൽകി പിന്തള്ളുകയായിരുന്നുവെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. വിവരാവകാശ രേഖകൾ സഹിതം സർവകലാശാല വൈസ് ചാൻസലർക്കെതിരെ നടപടിയാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പുതിയ പരാതി നൽകി.

പ്രിയയുടെ മൂന്നുവർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്‍റ്സ് ഡയറക്ടറായുള്ള രണ്ടുവർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയതായും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു. വിവാദ പശ്ചാത്തലത്തിൽ ഇതുവരെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ മതിയായ യോഗ്യതയില്ലാഞ്ഞിട്ടും അസി. പ്രഫസർ തസ്തികയിലേക്ക് തിരഞ്ഞെടുത്തുവെന്ന വിവാദങ്ങളെത്തുടർന്ന് മാസങ്ങളായി പൂഴ്ത്തി വെച്ച റാങ്ക് ലിസ്റ്റ് ജൂൺ 27നാണ് സർവകലാശാല സിൻഡിക്കേറ്റ് അംഗീകരിച്ചത്. മതിയായ യോഗ്യതകളില്ലാഞ്ഞിട്ടും പ്രിയ വർഗീസിന് നിയമനം നൽകാനുള്ള തീരുമാനം കണ്ണൂർ വി.സി നിയമനത്തിനുള്ള പ്രത്യുപകാരമാണെന്നു ആരോപണമുയർന്നിരുന്നു.

ചട്ടമനുസരിച്ച് അസോ. പ്രഫസര്‍ക്ക്, ഗവേഷണ ബിരുദവും എട്ടു വര്‍ഷം അസി. പ്രഫസർ തസ്തികയിലുള്ള അധ്യാപക പരിചയവുമാണ് യോഗ്യത.2012ൽ തൃശൂർ കേരളവർമ കോളജിൽ മലയാളം അസി. പ്രഫസറായി നിയമനം ലഭിച്ച പ്രിയ മൂന്നുവർഷത്തെ അവധിയെടുത്താണ് പിഎച്ച്.ഡി നേടിയത്.ഗവേഷണത്തിനായി വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നാണ് യു.ജി.സി വ്യവസ്ഥ.2019 മുതല്‍ രണ്ടുവര്‍ഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവിസ് ഡയറക്ടറായി ജോലിചെയ്തിരുന്നു. ഭരണപരമായ ഉത്തരവാദിത്തവും അധ്യാപന പരിചയമായി കണക്കാക്കാനാവില്ല.

വിവരാവകാശ രേഖ പുറത്തുവന്നതോടെ കണ്ണൂർ സർവകലാശാല അസോ. പ്രഫസർ തസ്തികയിൽ മുൻവിധിയോടെ അഭിമുഖം നടത്തി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകുകയായിരുന്നുവെന്ന ആരോപണം ശക്തമാവുകയാണ്.

Tags:    
News Summary - Low research score for Priya Varghese; More marks are given in interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.