സ്ത്രീകൾക്കെതിരെ സംസാരിച്ചിട്ടില്ല; പ്രസംഗം എഡിറ്റ് ചെയ്ത് അപമാനിച്ചു: എം.എം. മണി

തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്ന വാക്കോ ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. പ്രസംഗത്തിൽ പറഞ്ഞത് എഡിറ്റ് ചെയ്ത് തനിക്കെതിരേ ഉപയോഗിക്കുകയായിരുന്നുവെന്നും മണി ആരോപിച്ചു. ചില മാധ്യമപ്രവർത്തകർക്ക് തന്നോടു വിരോധമുണ്ട്. കൈയേറ്റക്കാര്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും ഈ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുണ്ട്. അതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും നിയമസഭയില്‍ നടത്തിയ പ്രസംഗത്തിൽ മണി വിശദീകരിച്ചു.

തനിക്ക് പണ്ഡിതോചിതമായി സംസാരിക്കാന്‍ അറിയില്ല. സാധാരണക്കാരന്‍റെ ഭാഷയെ അറിയുകയുള്ളൂ. 17 മിനിറ്റുള്ള പ്രസംഗം മുഴുവന്‍ കേട്ടാല്‍ എല്ലാ ആക്ഷേപവും തീരും. പൊമ്പിളൈ ഒരുമൈ പ്രവർത്തകരെ അധിക്ഷേപിച്ചിട്ടില്ല. മൂന്നാറിൽ സമരം നടത്തുന്നത് ബിന്ദുകൃഷ്ണയും ശോഭ സുരേന്ദ്രനുമാണ്. സ്ത്രീകളോട് എന്നും ആദരവോടെയേ പെരുമാറിയിട്ടുള്ളൂ. താനും സ്ത്രീകള്‍ ഉള്ളിടത്തു നിന്നു തന്നെയാണ് വരുന്നത്. ആയിരക്കണക്കിന് സ്ത്രീ തോട്ടം തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ആളാണ്. തനിക്ക് പെണ്‍മക്കളുണ്ടെന്നും മണി പറഞ്ഞു. ഉദ്യോഗസ്ഥരെ ഇനിയും വിമർശിക്കുമെന്നും മണി പറഞ്ഞു.

എന്നാൽ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മണിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയായിരുന്നു മണിയുടെ വിശദീകരണം.

Tags:    
News Summary - M M Mani Explains about the speech in Niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.