ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് അബ്ദുസമദ് സമദാനി

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് എം.പി. അബ്ദുസമദ് സമദാനി എം.പി. ബഷീറിന്റെ മുപ്പതാം ചരമവാർഷിക ദിനത്തിൽ ബേപ്പൂരിലെ ബഷീറിന്റെ വസതിയായ വൈലാലിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ ആവിഷ്ക്കാരമാണ് സാഹിത്യമെങ്കിലും രണ്ടും തമ്മിൽ അകലമുണ്ട്. ബഷീർ ആ അകലം ഏറ്റവും കുറച്ചുകൊണ്ടുവന്നു, ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കി. വാക്കുകൾക്ക് മൗനത്തിന്റെ ശക്തിയുണ്ടെന്നും മൗനത്തിന് വാക്കുകളുടെ ശക്തിയുണ്ടെന്നും അദ്ദേഹം പഠിപ്പിച്ചു. ബഷീർ ഗ്രന്ഥകർത്താവ് മാത്രമല്ല ഭാഷാ കർത്താവ് കൂടിയാണ്. ബഷീർ സ്വന്തം ഭാഷ ഉണ്ടാക്കി;വ്യാകരണത്തിലും നിയമത്തിനും വഴങ്ങാത്ത ഭാഷ അദ്ദേഹം സൃഷ്ടിച്ചു. ഭാഷ മനുഷ്യന്റെതാണ് എന്നായിരുന്നു ബഷീറിന്റെ അഭിപ്രായം.

അക്ഷരാർത്ഥത്തിൽ വിശ്വസാഹിത്യകാരൻ എന്ന് വിളിക്കേണ്ട എഴുത്തുകാരനാണ് ബഷീറെന്ന് സമദാനി ചൂണ്ടിക്കാട്ടി. ബഷീർ എഴുതിയതൊക്കെ സാർവലൗകിക വിഷയങ്ങളാണ്. ഒരു കഥയെഴുത്തുകാരൻ മാത്രമായ എഴുത്തുകാരന് 'ഭൂമിയുടെ അവകാശികൾ' എഴുതാൻ സാധിക്കില്ല. കാലത്തോട് സംവദിക്കുന്ന കൃതിയാണത്. 'ഭൂമിയുടെ അവകാശികളി'ൽ രാഷ്ട്രീയമുണ്ട്, പരിസ്ഥിതിയുണ്ട്, പ്രപഞ്ചമുണ്ട്, ഭൂമിയുണ്ട്, മനുഷ്യരുണ്ട്. "ഞാൻ ഈ ഭൂഗോളത്തെ ആകെ സ്നേഹിക്കുന്നു" എന്ന ബഷീറിയൻ മുദ്രാവാക്യം വരും കാലത്തിന്റെ മുദ്രാവാക്യമാണെന്ന് എം.പി അഭിപ്രായപ്പെട്ടു.

പരിപാടിയിൽ സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ ഷാഹിന, അനീസ് ബഷീർ, പ്രസാധകൻ രവി ഡി സി, വസീം അഹമദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. നിരവധി സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ വൈലാലിൽ സന്ദർശകരായി എത്തിയിരുന്നു.

Tags:    
News Summary - M. P. Abdussamad Samadani says that Basheer is a writer who removed the distance between life and literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.