തിരുവനന്തപുരം: സംഘടനാവിരുദ്ധ പ്രവർത്തനത്തിന് സസ്പെൻഷനിലായിരുന്ന മുൻ കെ.പി.സി.സി സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും തലസ്ഥാന ജില്ലയിൽ എ ഗ്രൂപ്പിന്‍റെ പ്രമുഖനുമായിരുന്ന എം.എ. ലത്തീഫിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. സസ്പെൻഷൻ കാലാവധി അവസാനിക്കാറായ ഘട്ടത്തിലാണ് പുറത്താക്കൽ. കഴിഞ്ഞയാഴ്ച ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരസ്യമായി ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന പരാതിയാണ് പെട്ടെന്നുള്ള പുറത്താക്കലിന് കാരണം.
കോൺഗ്രസിന്റെ സമരപരിപാടികൾക്ക് തലസ്ഥാനത്ത് ചുക്കാൻ പിടിച്ചിരുന്ന ലത്തീഫിനെ ഒരുവർഷം മുമ്പാണ് കെ.പി.സി.സി സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് ആദ്യം സസ്പെൻഡ് ചെയ്തതെങ്കിലും കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടി നീട്ടി.
അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശികതലത്തിൽ അനുയായികൾ പരസ്യമായി പ്രകടനം നടത്തി സമ്മർദം നടത്തിയെങ്കിലും നേതൃത്വം വഴങ്ങിയില്ല. അച്ചടക്കനടപടിയുടെ കാലയളവ് തീരാനിരിക്കെയാണ് ലത്തീഫിനെതിരെ കെ.പി.സി.സിക്ക് നേരേത്ത പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആക്രമിച്ച സംഭവമുണ്ടായത്.
ബി.ജെ.പിക്ക് കുഴലൂത്ത് നടത്തുന്ന കെ.പി.സി.സി നേതൃത്വം ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെയെല്ലാം കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണെന്ന് എം.എ. ലത്തീഫ് പ്രതികരിച്ചു. മതേതര പ്രസ്ഥാനങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.