ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളജിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ഏറെ നാളായി കോളജിന്റെ ആവശ്യമായിരുന്ന സോളാർ എനർജി പ്ലാന്റ് നിർമിക്കാനുള്ള സഹായം എം.എ. യൂസുഫലി ഉറപ്പ് നൽകി. ഇതിന്റെ ഭാഗമായി പത്ത് ലക്ഷം രൂപ കോളജിന് കൈമാറി.
കഴിഞ്ഞമാസം ഗുരുവായൂരിലെ ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ യൂസുഫലി, ഹെലികോപ്റ്റർ ഇറങ്ങിത് ശ്രീകൃഷ്ണ കോളജിലെ ഗ്രൗണ്ടിലായിരുന്നു. അന്ന് യൂസുഫലിയെ സ്വീകരിക്കാനെത്തിയ വിദ്യാർഥികളും കോളജ് പ്രിൻസിപ്പലും അധികൃതരും ചേർന്ന് സോളാർ പ്ലാന്റ് ആവശ്യപ്പെട്ടുള്ള നിവേദനം കൈമാറിയിരുന്നു. യൂസുഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ വി. പീതാംബരൻ, എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് പദ്ധതി തുകയായ പത്ത് ലക്ഷത്തോളം രൂപയുടെ ചെക്ക്, ശ്രീകൃഷ്ണ കോളജ് പ്രിൻസിപ്പൽ ഡോ പി.എസ്. വിജോയിക്ക് കൈമാറി.
പ്രോജക്ട് നടത്തിപ്പിനായി അനർട്ടുമായി കോളജ് ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ദീർഘനാളായുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. യൂസുഫലിയുടെ സഹായം കോളജിന്റെ മുന്നോട്ടുള്ള യാത്രക്ക് കരുത്തുപകരുന്നതാണെന്നും അധ്യാപകരുടെയും വിദ്യാർഥികളുടെയും നാളുകളായുള്ള ആവശ്യമാണ് സഫലമാകുന്നതെന്നും ഏറെ നന്ദിയുണ്ടെന്നും പ്രിൻസിപ്പൽ പി.എസ്. വിജോയ് പറഞ്ഞു.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കേരളത്തിലെ ഏറ്റവും പഴക്കമേറിയ കോളജുകളിലൊന്നാണ് ശ്രീകൃഷ്ണ കോളജ്.
നാക്ക് അംഗീകാരവും എ ഗ്രേഡ് റാങ്കുമുണ്ട്. കോളജിന്റെ ആധുനികവത്കരണത്തിന് ഏറെ സഹായകമാകുന്നതാണ് ഈ ചുവടുവെപ്പ്. ഐക്യുഎസി കോർഡിനേറ്റർ ഡോ. ശ്രീജ വി.എൻ, NAAC കോർഡിനേറ്റർ ക്യാപ്റ്റൻ. രാജേഷ് മാധവൻ, ഐക്യുഎസി അംഗങ്ങളായ ഡോ. മനു കെ.എം, ഡോ. സന്തോഷ് പി.പി, ഡോ. വിഷ്ണു, മഞ്ജു സതീഷ്, ഡോ. ജിഷ എസ്. കുമാർ, കോളജ് ഓഫിസ് ജീവനക്കാരായ രതീഷ് ശങ്കർ, ടി. സന്തോഷ് കുമാർ, അനർട്ട് എൻജിനീയറായ കെ.വി. പ്രിയേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.