ന്യൂഡൽഹി: കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെ പ്രാർഥിച്ചവർക്കും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. 'കേരളത്തിലേക്ക് പോകാൻ അനുമതി. ജാമ്യ കാലാവധിയിൽ ഇനി കേരളത്തിൽ തുടരാം. ഇൻ ഷാ അള്ളാഹ്.. പ്രാർഥിച്ചവർക്കും, പിന്തുണച്ചവർക്കും ആത്മാർഥമായ നന്ദി' -സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ മഅ്ദനി പറഞ്ഞു.
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി കേരളത്തിലേക്ക് വരാൻ അനുമതി നൽകിയത്. ജാമ്യകാലത്ത് കൊല്ലത്തെ വീട്ടിൽ താമസിക്കാം. 15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി കൊല്ലം എസ്.പിയുടെ അനുമതിയോടെ വേണം എറണാകുളത്തേക്ക് പോകാനെന്നും കോടതി വ്യക്തമാക്കി.
പ്രത്യേക ഉപാധികളോ പൊലീസ് സുരക്ഷാ നിർദേശങ്ങളോ ഇല്ലാതെയാണ് ഇളവ് നൽകിയത്. കർണാടക പൊലീസിന്‍റെ സുരക്ഷ അകമ്പടിയും ആവശ്യമില്ല.
ഇതുവരെ മഅ്ദനിക്ക് ബംഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുണ്ടായിരുന്നത്. നേരത്തെ പിതാവിനെ സന്ദർശിക്കാൻ കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി കേരളത്തിലെത്തിയ മഅ്ദനി പിതാവിനെ കാണാനാവാതെയാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.