ശാസ്താംകോട്ട: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ സ്ഥാപനമായ ശാസ്താംകോട്ട അൻവാര്‍ശേരിയിലും വീട്ടിലും കർണാടകയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച രാവിലെ അൻവാര്‍ശേരിയിലെത്തിയത്.
മഅ്ദനിയുടെ വീട്, പിതാവ് താമസിക്കുന്ന കുടുംബവീടായ തോട്ടുവാൽ മൻസിൽ, മാതാവിന്റെ ഖബറിടം എന്നിവിടങ്ങളിലെത്തി സുരക്ഷ വിലയിരുത്തി. തുടർന്ന് സംഘം മഅ്ദനിയുടെ എറണാകുളത്തെ വീട് സന്ദർശിക്കാൻ പോയി. ശാസ്താംകോട്ട ഡിവൈ.എസ്.പി ബി. ഷരീഫ്, എസ്.എച്ച്.ഒ എ. അനൂപ് എന്നീ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
കുടുംബാംഗങ്ങളിൽനിന്നും ബന്ധുക്കളിൽനിന്നും സംഘം വിശദാംശങ്ങൾ തിരക്കി. ഈ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മഅ്ദനിയുടെ കേരള യാത്ര സംബന്ധിച്ച തീരുമാനം. അതേസമയം അബ്ദുന്നാസിർ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രയിലും തുടർന്ന് താമസസ്ഥലത്തും വേണ്ടതായ സുരക്ഷാസംവിധാനം ഉറപ്പുവരുത്താൻ കേന്ദ്ര കമ്മിറ്റി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് ചർച്ചനടത്തി. മഅ്ദനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ളതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തോടൊപ്പം മെഡിക്കൽ സംഘത്തെ അയക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.