തിരുവനന്തപുരം: വേനൽചൂടിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ’(എം.ജെ.ഒ). ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച തിരുവനന്തപുരം മുതൽ കോട്ടയം വരെ ജില്ലകളിൽ വെള്ളിയാഴ്ച മഴ ലഭിച്ചു. മൂന്നു ദിവസത്തേക്ക് കൂടി തെക്കൻ, മധ്യകേരളത്തിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഉഷ്ണമേഖല പ്രദേശങ്ങളിലെ കാറ്റ്, മഴ, മേഘങ്ങൾ, മർദം എന്നിവയൊക്കെ പ്രസ്തുത സ്ഥാനത്തുനിന്ന് കിഴക്കുഭാഗത്തേക്ക് വിലങ്ങനെ സഞ്ചരിക്കുകയും ശരാശരി 30 മുതൽ 60 ദിവസത്തിനകം അതേ സ്ഥാനത്ത് മടങ്ങിവരികയും ചെയ്യുന്ന കാലാവസ്ഥ പ്രതിഭാസമാണ് മാഡൻ ജൂലിയൻ ഓസിലേഷൻ. 1970കളുടെ തുടക്കത്തിൽ കാലാവസ്ഥ ശാസ്ത്രജ്ഞരായ ഡോ. റോളണ്ട് മാഡനും ഡോ. പോൾ ജൂലിയനും ചേർന്നാണ് ഇതു കണ്ടെത്തിയത്. മാഡൻ ജൂലിയൻ ഓസിലേഷൻ സംഭവിക്കുമ്പോൾ ഭൂമിയിലെ ഒരു മേഖലയിൽ ശക്തമായ മഴയും കാറ്റും ലഭിക്കുന്നുണ്ടെങ്കിൽ മറ്റൊരു ഭാഗത്ത് മഴ കുറവുള്ള അവസ്ഥയായിരിക്കും. 16ന് ശേഷം മാഡൻ ജൂലിയൻ ഓസിലേഷൻ സംസ്ഥാനത്ത് ദുർബലമായി തുടങ്ങുമെന്നും കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
എം.ജെ.ഒ സ്വാധീനത്തിൽ ചൂടിന് താൽക്കാലികാശ്വാസം ലഭിക്കുമെങ്കിലും വേനൽമഴ ശക്തിപ്രാപിക്കുന്നത് മേയ് 10ന് ശേഷമായിരിക്കുമെന്നും അവർ അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നാണ് സംസ്ഥാനത്ത് ഇത്തവണ അസാധാരണ രീതിയിൽ ചൂട് വർധിച്ചത്. എൽനിനോ ദുർബലമായി തുടങ്ങിയിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ താപനിലയിലും കുറവുണ്ടാകും.
നിലവിൽ സംസ്ഥാനത്ത് 65 ശതമാനം വേനൽമഴയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. 71.2 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 25 മില്ലിമീറ്റർ മാത്രം. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വേനൽ മഴ ലഭിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാർച്ച് ഒന്നുമുതൽ ഏപ്രിൽ 12 വരെ 99 ശതമാനം മഴ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.