മധു കൊലക്കേസ്; നാല് സാക്ഷികൾ കൂടി കൂറ് മാറി


മണ്ണാർക്കാട്: അട്ടപ്പാടി മധു കൊലപാതകക്കേസിൽ വ്യാഴാഴ്ച വിസ്തരിച്ച നാല് സാക്ഷികളും കൂറ് മാറി. ഇതോടെ കൂറുമാറിയവർ 20 പേരായി. 32 മുതൽ 35 വരെയുള്ളവരെയാണ് വ്യാഴാഴ്ച വിസ്തരിച്ചത്. മുക്കാലിയിലെ ജീപ്പ് ഡ്രൈവർ മനാഫ്, ലോറി ഡ്രൈവർ രഞ്ജിത്, കരുവാര ഫാമിലെ ജീപ്പ് ഡ്രൈവർ മണികണ്ഠൻ, അനൂപ് എന്നിവരാണ് നേരത്തെ നൽകിയ മൊഴികൾ കോടതിയിൽ നിഷേധിച്ചത്.

സംഭവ ദിവസം ഉച്ചക്ക് 1.15ഓടെ പതിനാലാം പ്രതി മധുവിനെ പിടികൂടിയ വിവരം പറഞ്ഞുവെന്നും കേസിലെ രണ്ടുമുതൽ ഒമ്പതുവരെയും 12, 14, 15ഉം പ്രതികൾ മധുവിനെ തോളിൽ ചാക്കുകെട്ടുമായി കൊണ്ടുവന്നുവെന്നും മൂന്നാം പ്രതിയുടെ കൈയിൽ വടിയുണ്ടായിരുന്നുവെന്നും ദൃശ്യങ്ങളെല്ലാം മുക്കാലി വാട്സ്ആപ് ഗ്രൂപ്പിൽ എട്ടാം പ്രതി പോസ്റ്റ് ചെയ്തുവെന്നുമുള്ള മൊഴിയാണ് മനാഫ് കോടതിയിൽ നിഷേധിച്ചത്. മധുവിനെ അറിയില്ലെന്നും മർദിക്കുന്നതോ മറ്റോ കണ്ടില്ലെന്നും മനാഫ് പറഞ്ഞു.

തുടർന്ന് വിസ്തരിച്ച രഞ്ജിത്, മണികണ്ഠൻ, അനൂപ് എന്നിവരും നേരത്തെ കോടതിയിൽ പൊലീസ് സമർപ്പിച്ച മൊഴി തങ്ങളുടേതല്ലെന്ന നിലപാടെടുക്കുകയായിരുന്നു. മധു എന്നൊരാൾ മരണപ്പെട്ടു എന്ന് ആരോ പറഞ്ഞത് കേട്ടു എന്നല്ലാതെ തങ്ങൾക്ക് മധുവിനെ അറിയില്ലെന്നും മധുവിനെ ആരെങ്കിലും ഉപദ്രവിക്കുന്നത് കണ്ടിട്ടില്ലെന്നും ഇവർ പറഞ്ഞു. പ്രതികളുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന പ്രോസിക്യൂഷൻ വാദവും സാക്ഷികൾ നിഷേധിച്ചു.സാക്ഷി വിസ്താരം വെള്ളിയാഴ്ചയും തുടരും. 36 മുതൽ 39 വരെയുള്ള അബ്ദുൽ ലത്തീഫ്, മധുവിന്‍റെ അമ്മ മല്ലി, സഹോദരി ചന്ദ്രിക, സഹോദരി ഭർത്താവ് മുരുകൻ എന്നിവരെയാണ് വെള്ളിയാഴ്ച വിസ്തരിക്കുക.

മൊഴി ആവർത്തിച്ച് സുനിൽ കുമാർ

മണ്ണാർക്കാട്: മധു കൊലക്കേസ് വിചാരണവേളയിൽ കോടതിയിൽ കാണിച്ച ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെന്ന് പറഞ്ഞ സാക്ഷിയെ കോടതി വീണ്ടും വിസ്തരിച്ചു. കാഴ്ചപരിശോധനക്ക് ശേഷമാണ് പുനർവിസ്താരം നടത്തിയത്. ബുധനാഴ്ച നടത്തിയ വൈദ്യപരിശോധനയിൽ ഇയാളുടെ കാഴ്ചക്ക് തകരാറില്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

വ്യാഴാഴ്ചയും സുനിൽകുമാർ കോടതിയിൽ മുൻദിവസത്തെ മൊഴി ആവർത്തിച്ചു. ദൃശ്യങ്ങളിൽ മധുവിന്‍റെ മുഖം കാണിച്ചപ്പോൾ വ്യക്തമായി കാണാനാവുന്നില്ല എന്ന് പറഞ്ഞ സുനിൽകുമാർ പ്രദർശിപ്പിച്ച മൂന്ന് ദൃശ്യങ്ങളിൽ ഒരെണ്ണത്തിൽ നിൽക്കുന്നത് താനാണോ എന്ന് വ്യക്തമായി പറയാൻ കഴിയുന്നില്ലെന്നും പറഞ്ഞു. ൽ കളവ് പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതിന് സാക്ഷിക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ ആവശ്യപ്പെട്ടു. സുനിൽ കുമാറിനെ പുനർവിസ്തരിക്കാനുള്ള നടപടിയെ പ്രതിഭാഗം എതിർത്തു. സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം എതിർവാദം കേട്ടശേഷം വെള്ളിയാഴ്ച തീർപ്പാക്കുമെന്ന് ജഡ്ജി കെ.എം. രതീഷ് കുമാർ പറഞ്ഞു.

Tags:    
News Summary - Madhu murder case; Four more witnesses changed their allegiance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.