‘മലപ്പുറത്തെ സ്വർണക്കടത്തും ഹവാലയും രാജ്യവിരുദ്ധ പ്രവർത്തനത്തിന്’; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

കോഴിക്കോട്: മലപ്പുറത്ത് സ്വർണക്കടത്തും ഹവാല ഇടപാടും വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ. അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാല പണവും മലപ്പുറത്തുനിന്ന് പൊലീസ് പിടികൂടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. മുസ്‍ലിം തീവ്രവാദ സംഘങ്ങൾ‌ക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാറിനെ മുസ്‍ലിം വിരുദ്ധമായി ചിത്രീകരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നത്. സ്വർണക്കടത്തു വഴിയും ഹവാല ഇടപാടിലൂടെയും ലഭിക്കുന്ന പണം രാജ്യ വിരുദ്ധ, സംസ്ഥാന വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യന്ത്രി അഭിമുഖത്തിൽ പറയുന്നു.

മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടക്കുന്നതെന്ന് നേരത്തെയും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എമ്മാണ് ആർ.എസ്.എസിനെയും ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തുവരുന്നത്. ഹിന്ദുത്വ ശക്തികൾക്കെതിരെ നിലകൊണ്ടതിന് തങ്ങളുടെ നിരവധി പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. കേരള ജനസംഖ്യയിൽ വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളാണ്. ഏറെകാലം ന്യൂനപക്ഷങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സഖ്യത്തെയാണ് പിന്തുണച്ചിരുന്നത്. ഇതിൽ വലിയ മാറ്റം വന്നു. എൽ.ഡി.എഫിനെയാണ് ന്യൂനപക്ഷങ്ങൾ ഇപ്പോൾ പിന്തുണക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇത് വലിയ തിരിച്ചടിയായപ്പോഴാണ് യു.ഡി.എഫ് തെറ്റായ പ്രചാരണവുമായി രംഗത്തുവന്നത്.

സി.പി.എം ആർ.എസ്.എസിനെതിരെ മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് അവരുടെ ആരോപണം. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി മാത്രമാണ് യു.ഡി.എഫ് ഇത്തരത്തിൽ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വോട്ടുചോർച്ചയല്ല ബി.ജെ.പിയുടെ വിജയത്തിനു കാരണം. സൂക്ഷ്മമായി പരിശോധിച്ചാൽ, 2019ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസിന് ലഭിച്ച വോട്ടുകളിലാണ് കുറവ് വന്നതെന്ന് കാണാനാകും. എൽ.ഡി.എഫിന്‍റെ വോട്ടിൽ നേരിയ വർധയാണുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ മലപ്പുറത്തിനെതിരായ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. മലപ്പുറത്തെ ജനങ്ങളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ പി.എം.എ സലാം കുറ്റപ്പെടുത്തി. മലപ്പുറം ജില്ലയിൽ എത്ര രാജ്യദ്രോഹ കുറ്റങ്ങൾ രജിസ്റ്റർ ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ പരാമർശനത്തിനു പിന്നിലെന്നും അദ്ദേഹം വിമർശിച്ചു.

Tags:    
News Summary - Gold smuggling and hawala in Malappuram for anti-national activity -The Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.