തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രവാസികൾ നേരിട്ട ദുരവസ്ഥ തുറന്നു കാട്ടിയ 'മാധ്യമം' ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കത്ത് നൽകിയ മുൻ മന്ത്രി ഡോ. കെ.ടി. ജലീലിനെതിരെ ഉചിത നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.
മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവിധാനത്തിനും രാജ്യത്തിന്‍റെ പരമാധികാരത്തിനും പരിക്കേൽപ്പിക്കുന്ന ജലീലിന്‍റെ ചെയ്തിയിൽ മാധ്യമത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. ജലീൽ കത്തയച്ചത് താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ഗുണകാംക്ഷയോടെയും തിരുത്തൽ ശക്തിയായും നിലകൊണ്ട്, നാടിനെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുകയെന്ന മാധ്യമ ദൗത്യമാണ് നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചീഫ് എഡിറ്റർ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധിയിൽ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ മാധ്യമം ശക്തമായി പിന്തുണച്ചു. മടക്കയാത്ര മുടങ്ങുന്ന ഘട്ടത്തിൽ ജനങ്ങളുടെ വേദനയും നിലവിളിയും മറയില്ലാതെ പ്രകടിപ്പിക്കാനും മടി കാണിച്ചിട്ടില്ല.
കോവിഡ് ഭീഷണി രൂക്ഷമായപ്പോൾ ഭേദപ്പെട്ട സ്ഥിതിയുള്ള സ്വദേശത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷ മുടങ്ങിപ്പോയപ്പോൾ പ്രവാസി മലയാളികളിലുണ്ടായ ആശങ്കയും ആധിയും അവരുടെ ക്ഷേമവും സുരക്ഷയും മുന്നിൽ കണ്ട് വേറിട്ടൊരു രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു 2020 ജൂൺ 24ന് മാധ്യമം ചെയ്തത്. അതേക്കുറിച്ച വിമർശനവും ഭിന്നാഭിപ്രായങ്ങളും മനസ്സിലാക്കാനാകും. ആ വാർത്ത മുൻനിർത്തി അങ്ങയുടെ മന്ത്രിസഭാംഗം കെ.ടി. ജലീൽ 'മാധ്യമ'ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികാരികൾക്ക് കത്തെഴുതുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദേശകാര്യ മന്ത്രാലയ അനുമതിയില്ലാതെ വിദേശരാജ്യത്തെ അധികാരികൾക്ക് കത്തയക്കുന്നത് പ്രോട്ടോകോൾ ലംഘനവും ഭരണഘടനവിരുദ്ധവുമാണ്. മന്ത്രിപദത്തിലിരിക്കുന്ന ആൾ ഇത്തരമൊരു വിഷയം വ്യക്തിപരമെന്ന നിലയിൽ സ്വകാര്യമായി കൈകാര്യം ചെയ്യുന്നത് കൂടുതൽ ഗൗരവതരവുമാണ്. ഉത്കണ്ഠയുളവാക്കുന്ന കടുത്ത നൈതിക വിഷയങ്ങൾ ഇതിലുണ്ട്. ഇത്തരം വഴിവിട്ട ചെയ്തിയെ ഇടത് ഭരണസംവിധാനത്തിന് അംഗീകരിക്കാനാവില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ചീഫ് എഡിറ്റർ കത്തിൽ പറഞ്ഞു.
ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് സെക്രട്ടറി ടി.കെ. ഫാറൂഖ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം. സാലിഹ്, ജോയിന്‍റ് എഡിറ്റർ പി.ഐ. നൗഷാദ്, തിരുവനന്തപുരം റീജ്യണൽ മാനേജർ ബി. ജയപ്രകാശ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ഇ. ബഷീർ എന്നിവരും ചീഫ് എഡിറ്റർക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.