കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ് പാമ്പൻ മാധവൻ അവാർഡ് ‘മാധ്യമം’ കോഴിക്കോട് ബ്യൂറോയിലെ സീനിയർ ഫോേട്ടാഗ്രാഫർ പി. അഭിജിത്തിന്. മികച്ച വാർത്ത ചിത്രത്തിനുള്ള അവാർഡാണ് പി. അഭിജിത്തിന് ലഭിച്ചത്. മലയാള മനോരമ കോട്ടയം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എ.എസ്. ഉല്ലാസിനാണ് മികച്ച അന്വേഷണാത്മക പരമ്പരക്കുള്ള അവാർഡ്. ദീപിക കണ്ണൂർ ബ്യൂറോയിലെ സീനിയർ ഫോേട്ടാഗ്രാഫർ ജയ്ദീപ് ചന്ദ്രൻ പ്രത്യേക ജൂറി അവാർഡിനും അർഹനായി.10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് നവംബറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
‘മാധ്യമ’ത്തിൽ 2016 ഡിസംബർ ഒമ്പതിന് പ്രസിദ്ധീകരിച്ച ‘മരണമുഖത്തെ മനുഷ്യാവകാശം’ എന്ന ചിത്രത്തിനാണ് അഭിജിത്തിന് പുരസ്കാരം. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി കുപ്പു ദേവരാജിെൻറ മൃതദേഹം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സംസ്കരിക്കാൻ വൈകുന്നുവെന്നാരോപിച്ച് അസി. പൊലീസ് കമീഷണർ കുപ്പു ദേവരാജിെൻറ സഹോദരൻ ശ്രീധറിെൻറ ടീ ഷർട്ടിെൻറ കോളറിൽ പിടിക്കുന്നതാണ് ചിത്രം. കോഴിക്കോട് സ്വദേശിയായ പി. അഭിജിത്ത് 2008 മുതൽ ‘മാധ്യമ’ത്തിൽ ഫോേട്ടാഗ്രാഫറാണ്.
കോഴിക്കോട് എൻ.ഐ.ടി ടേക്ക് വൺ ഡോക്യുമെൻററി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻററിക്കുള്ള പുരസ്കാരം, തൃശൂരിൽ നടന്ന അന്താരാഷ്ട്ര വിബ്ജിയോർ ഫിലിം ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള ഫെലോഷിപ്, സോളിഡാരിറ്റി യൂത്ത് സ്പ്രിങ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻററിക്കുള്ള അവാർഡ്, റാഫിെൻറ സംസ്ഥാന റോഡ് സേഫ്റ്റി മീഡിയ അവാർഡ്, രാജീവ് ഗാന്ധി മെമ്മോറിയൽ ന്യൂസ് ഫോട്ടോഗ്രഫി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പി. ബാലകൃഷ്ണെൻറയും ലക്ഷ്മി ദേവിയുടെയും മകനാണ്. ഭാര്യ: ശോഭില. മക്കൾ: ഗാഥ, ഗൗതം.കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, വൈസ് പ്രസിഡൻറ് സുപ്രിയ സുധാകർ, നിർവാഹക സമിതിയംഗം പി.കെ. ഗണേഷ് മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.